ടി20 ലോകകപ്പ് ഹീറോ ഭുംറയല്ല, അത് മറ്റൊരാള്‍, തുറന്നടിച്ച് ഗവാസ്‌ക്കര്‍
17 വര്‍ഷത്തെ വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 2007ല്‍ ലോകകപ്പ് നേടിയ ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചത്. രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ലോകകിരീടം സ്വന്തമാക്കിയത്.
കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ ക്രിക്കറ്റ് ലോകത്തിന്റെ മനം കവര്‍ന്നു. പേസര്‍ ജസ്പ്രീത് ഭുംറ മിന്നും ബൗളിങ് പ്രകടനവുമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ് 17 വിക്കറ്റ് വീഴ്ത്തിയെങ്കിലും 15 വിക്കറ്റുമായി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ കൂടുതല്‍ ഇംപാക്ട് സൃഷ്ടിച്ചത് ഭുംറയാണ്. അതുകൊണ്ടാണ് ടൂര്‍ണമെന്റിലെ താരമായി മാറിയതും ഭുംറയാണ്.
ഇപ്പോഴിതാ ലോകകപ്പിലെ തന്റെ ഹീറോയാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത്ത് ശര്‍മ്മയാണ് ലോകകപ്പിലെ ഹീറോ എന്നാണ് ഗവാസ്‌ക്കര്‍ പറയുന്നു.
'ഈ ഇന്ത്യന്‍ ടീം കിരീടത്തിലേക്കെത്തിയ വഴി നോക്കുക. പരിചയമില്ലാത്ത വ്യത്യസ്തമായ പിച്ചിലാണ് ഇന്ത്യ കളിച്ചത്. ജസ്പ്രീത് ഭുംറയാണ് പരമ്പരയിലെ താരമായത്. അത് അവന്‍ അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നിലെ നട്ടെല്ലായി മാറിയത് രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നു. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ അവന്റെ ശരീരഭാഷ പോരാളിയുടേതായിരുന്നു' ഗവാസ്‌കര്‍ പറഞ്ഞു.
ഫൈനലില്‍ ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചുവെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. 30 പന്തില്‍ 30 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവിടെ നിന്നാണ് ഇന്ത്യ അവിശ്വസനീയമായി തിരിച്ചുവന്നത്.