രോഹിത്ത് പരമ്പരയില്‍ നേടിയത് 22 റണ്‍സ്, ബുംറ അതിനേക്കാളേറെ വിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു, എന്തൊരു നാണക്കേട്
മെല്‍ബണ്‍ ടെസ്റ്റിലും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിമര്‍ശന തീച്ചൂളയിലൂടെയാണ് കടന്ന് പോകുന്നത്. അഞ്ച് പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രം നേടിയാണ് രോഹിത് പുറത്തായത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി 22 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ പരമ്പരയില്‍ ഇതിനോടകം 25 വിക്കറ്റുകള്‍ വീഴ്ത്തിയെന്നും അത്ര പോലും റണ്‍സെടുക്കാന്‍ രോഹിത്തിനായില്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. എന്നാല്‍ അഡ്ലെയ്ഡിലും ഗാബയിലും താരത്തിന് തിളങ്ങാനായില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും രോഹിത് മോശം ഫോമിലായിരുന്നു. ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി നൂറ് റണ്‍സ് പോലും നേടാന്‍ താരത്തിനായില്ല.
അതേസമയം, മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 474 റണ്‍സാണ് ഓസീസ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി (140), ലബുഷെയ്ന്‍, ഖവാജ, കോണ്‍സ്റ്റാസ് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികള്‍ എന്നിവയാണ് ഓസ്‌ട്രേലിയയെ ഈ നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി ജയ്‌സ്വാളും മികച്ച പിന്തുണയുമായി കോഹ്ലിയുമാണ് ക്രീസില്‍. കെഎല്‍ രാഹുലും രോഹിത്ത് ശര്‍മ്മയുമാണ് പുറത്തായ ബാറ്റര്‍മാര്‍