മുംബൈയില്‍ വിമാനമിറങ്ങി, പിന്നാലെ സുപ്രധാന പ്രഖ്യാപനം നടത്തി രോഹിത്ത്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ മുംബൈയില്‍ തിരിച്ചെത്തി. താരത്തെ സ്വീകരിക്കാനായി വന്‍ ജനാവലിയാണ് വിമാനത്താവളത്തില്‍ കാത്തുനിന്നത്. നാട്ടിലെത്തിയ ശേഷം തന്റെ ഭാവിയെ കുറിച്ച് രോഹിത്ത് മനസ് തുറന്നു.
2027-ലെ ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും, കഴിയുന്നിടത്തോളം കാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് ശര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു. രോഹിത്ത് വിരമിക്കരുതെന്ന മുറവിളി ഉയരുന്നതിനിടേയാണ് താനിനിയും കളിക്കളത്തില്‍ തുടരുമെന്ന സൂചന രോഹിത്ത് പറഞ്ഞത്.
ടീമിലെ മറ്റു അംഗങ്ങളും വരും മണിക്കൂറുകളില്‍ തിരിച്ചെത്തും. താരങ്ങള്‍ അവരവരുടെ ഐപിഎല്‍ ടീം ക്യാമ്പുകളിലേക്ക് പോകും.
ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതോടെ രോഹിത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. കിരീടനേട്ടത്തിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഭാവി തുറന്നുപറഞ്ഞു. താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും രോഹിത് വ്യക്തമാക്കി.
എവിടേയും പോകുന്നില്ല, ഇവിടെത്തന്നെയുണ്ടാകും എന്ന സൂചന രവീന്ദ്ര ജഡേജയും നല്‍കി. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ നാല് മത്സരങ്ങളിലും രോഹിതിന് അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് താരത്തിന്റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനവും രോഹിതിന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, ഫൈനലില്‍ അര്‍ധസെഞ്ചുറി നേടി രോഹിത് മറുപടി നല്‍കി.