ബോംബ ഷെല്ലുമായി രോഹിത്ത്, അശ്വിന്റെ വിരമിക്കലിന് പിന്നാലെ വെളിപ്പെടുത്തല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണല്ലോ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. അശ്വിന്റെ വരിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ചില വെളിപ്പെടുത്തലുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും രംഗത്തെത്തി.
അഡ്ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ അശ്വിനെ പ്രേരിപ്പിച്ചത് താനാണെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയിരിക്കുന്നത്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിനെ പുറത്തിരുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പം ഇന്ത്യയുടെ മുന്‍നിര സ്പിന്നറായ അശ്വിനെ ഒഴിവാക്കി വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരുന്നു.
എന്നാല്‍ അഡ്ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ അശ്വിനെ താന്‍ പ്രേരിപ്പിച്ചതായി രോഹിത് വ്യക്തമാക്കി. 'പെര്‍ത്തിലെത്തിയപ്പോഴാണ് അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. ടീമിന്റെ കോമ്പിനേഷനുകളും ചിന്താഗതിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഇതറിഞ്ഞതോടെ. പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ ഞാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു' രോഹിത് പറഞ്ഞു.
പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം ഗാബയില്‍ നടന്ന മത്സരത്തില്‍ വീണ്ടും അശ്വിനെ പുറത്തിരുത്തി. ജഡേജ മാത്രമായിരുന്നു ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ ഏക സ്പിന്നര്‍. മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജ അടുത്ത മത്സരത്തിലും ടീമില്‍ തുടരുമെന്നാണ് സൂചന.
2010 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച അശ്വിന്‍ 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകളും 3503 റണ്‍സും നേടിയിട്ടുണ്ട്. 2011 ലെ ലോകകപ്പ്, 2013 ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളിലും അംഗമായിരുന്നു. 2023 ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഇടം നേടിയിരുന്നു.