രോഹിത്ത് വിരമിക്കുന്നു, സിഡ്‌നിയില്‍ കളിച്ചേക്കില്ല, അഗാര്‍ക്കറുമായി ചര്‍ച്ച
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് രോഹിത് ശര്‍മ്മയുടെ ക്രിക്കറ്റ് കരിയറിന് അവസാനപ്പിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വെറും മൂന്ന് റണ്‍സിന് പുറത്തായതോടെയാണ് രോഹിതിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത് രോഹിത് കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ്.
രണ്ടാം ഇന്നിംഗ്‌സിലും സിഡ്‌നി ടെസ്റ്റിലും രോഹിത് കളിക്കാന്‍ സാധ്യതയില്ലെന്നും ഗവാസ്‌കര്‍ സൂചന നല്‍കി. ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ മെല്‍ബണിലുള്ളതും രോഹിതിന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നു.
എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ശരാശരി 11.07 മാത്രം. ഓപ്പണറായും മധ്യനിരയിലേക്കിറങ്ങിയുമെല്ലാം ശ്രമിച്ചിട്ടും ഫോം വീണ്ടെടുക്കാന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട രോഹിതിനെയാണ് കളിക്കളത്തില്‍ കാണുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ രോഹിതിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകള്‍ മങ്ങിയതോടെ സിഡ്‌നി ടെസ്റ്റ് രോഹിതിന്റെ അവസാന മത്സരമാകുമെന്നും അഭ്യൂഹങ്ങളുണ്ട്.