രോഹിത്ത് നിരാശയില്‍, വിരമിക്കാന്‍ തയ്യാറല്ല, സിഡ്‌നിയില്‍ കാണിച്ച് താരാമെന്ന് വെല്ലുവിളി
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ തോല്‍വിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കടുത്ത നിരാശ പ്രകടിപ്പിച്ചു. മെല്‍ബണില്‍ മത്സരശേഷം സംസാരിക്കവെ, ടീമിന്റെ പ്രകടനത്തില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ വിരമിക്കല്‍ അഭ്യൂഹങ്ങളെല്ലാം തള്ളി കളയുന്നതായിരുന്നു രോഹിത്തിന്റെ വാര്‍ത്ത സമ്മേളനം.
'വളരെ നിരാശാജനകമാണ്. അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ല,' രോഹിത് പറഞ്ഞു.
രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ 90/6 എന്ന നിലയിലായിരുന്നു. എന്നാല്‍, അവിടെ നിന്ന് തിരിച്ചുവന്ന് മത്സരം ജയിക്കാന്‍ ഓസ്ട്രേലിയയെ അനുവദിച്ചതില്‍ രോഹിത് നിരാശ പ്രകടിപ്പിച്ചു.
'കളിയില്‍ നടന്ന ഒരു സംഭവം മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ടീമായി നമുക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക എന്ന് ചിന്തിച്ചു. പക്ഷേ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, ഞങ്ങള്‍ എല്ലാം നല്‍കി,' രോഹിത് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും ഒരു ബാറ്ററായി ചെയ്യാനാകുന്നില്ല. മാനസികമായി അതൊരു വെല്ലുവിളിയാണ്. വലിയ നിരാശയാണ്' രോഹിത് പറഞ്ഞു.
സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ടീം തിരിച്ചുവരുമെന്ന് രോഹിത് പ്രതീക്ഷ പ്രകടിപ്പിച്ചു. 'ഇനിയും ഒരു കളി ബാക്കിയുണ്ട്. ഞങ്ങള്‍ നന്നായി കളിച്ചാല്‍ അത് 2-2 ആകും. ഒരു സമനില വളരെ നല്ല ഫലം ആയിരിക്കും,' രോഹിത് പറഞ്ഞു.
340 റണ്‍സ് പിന്തുടരുമ്പോള്‍ ടീമിന്റെ മാനസികാവസ്ഥയെക്കുറിച്ചും രോഹിത് സംസാരിച്ചു. 'അഞ്ചാം ദിവസത്തെ പിച്ച് വിക്കറ്റ് മന്ദഗതിയിലായി. ഞങ്ങള്‍ക്ക് 7 വിക്കറ്റുകള്‍ ഉണ്ടായിരുന്നപ്പോള്‍, ഞങ്ങള്‍ പോസിറ്റീവായിരുന്നു - എന്നിരുന്നാലും അധികം മുന്നോട്ട് ചിന്തിച്ചില്ല. ഓസ്ട്രേലിയ വളരെ മികച്ച സ്‌പെല്ലുകളാണ് പന്തെറിഞ്ഞത്. നേരത്തെ വിക്കറ്റുകള്‍ നഷ്ടമായത് ഞങ്ങള്‍ക്ക് തിരിച്ചടിയായായി' രോഹിത് പറഞ്ഞു.