ബാറ്റില്‍ പന്ത് കൊള്ളിക്കാന്‍ പോലുമാകാതെ രോഹിത്ത്, രഞ്ജിയിലും ദുരന്തമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ 19 പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സെടുത്ത് പുറത്തായി.
ജമ്മു പേസര്‍ ഉമര്‍ നസീര്‍ മിറാണ് രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റ് സ്വന്താക്കിയത്. ഇതോടെ നീണ്ട ഒന്‍പത് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ പ്രീമിയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിലേക്കുള്ള തിരിച്ചുവരവ് രോഹിത്തിന് നിരാശയായി.
ക്രീസില്‍ അസ്വസ്ഥനായി കാണപ്പെട്ട രോഹിത് നിരവധി പന്തുകള്‍ക്ക് കൃത്യമായി ബാറ്റ് ചെയ്യാന്‍ കഴിയാതെ വിഷമിച്ചു. ഫോമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തില്‍ രോഹിത് ധാരാളം വൈഡ് പന്തുകള്‍ക്ക് പിന്നാലെ പോകുന്നതും കാണാന്‍ കഴിഞ്ഞു.
ഒടുവില്‍ 19 പന്തില്‍ നിന്ന് വെറും 3 റണ്‍സ് നേടിയ രോഹിത്ത് ഉമര്‍ നസീര്‍ മിറിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലീഡിംഗ് എഡ്ജ് നല്‍കി സര്‍ക്കിളിനുള്ളില്‍ ക്യാച്ചെടുക്കപ്പെട്ടു. രോഹിത്തിന്റെ പുറത്താകലോടെ മുംബൈ ടീം തുടക്കത്തില്‍ തന്നെ 12/2 എന്ന നിലയിലായി.
മറ്റൊരു ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാളും (4) ഓപ്പണര്‍ എന്ന നിലയില്‍ വേഗത്തില്‍ പുറത്തായി. പഞ്ചാബിനായി യുവതാരം ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായില്ല. നാല് റണ്‍സാണ് ഗില്ലും നേടിയത്.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത് ഫോമിലേക്ക് തിരിച്ചെത്താനാണ് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കുക എന്നതാണ് രോഹിത്തിന്റെ ലക്ഷ്യം.