ഫോണും പാസ്‌പോര്‍ട്ടുമല്ല, ഇത്തവണ കിരീടം തന്നെ മറന്ന് രോഹിത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മറവി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം തന്നെ മറന്നു വെച്ചാണ് രോഹിത് മടങ്ങിയത്.
ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് സംഭവം. രോഹിത് മാധ്യമങ്ങളുമായി സംസാരിച്ച ശേഷം ട്രോഫി മീഡിയ റൂമില്‍ മറന്നു വെച്ച് പുറത്തേക്ക് പോയി. ഒടുവില്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫാണ് ട്രോഫി എടുക്കാന്‍ രോഹിത്തിനെ ഓര്‍മ്മിപ്പിച്ചത്.
പാസ്പോര്‍ട്ടും ഫോണുമൊക്കെ പലപ്പോഴും മറന്നു വെക്കാറുള്ള രോഹിത്, ഇത്തവണ മറന്നത് ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് എന്നതാണ് രസകരം. ടീം ബസിലും ഹോട്ടലുകളിലുമൊക്കെയായി പാസ്പോര്‍ട്ടും ഫോണുമൊക്കെ രോഹിത് പലപ്പോഴും മറന്നു വെക്കാറുണ്ട്. എന്നാല്‍, ഇത്രയും പ്രധാനപ്പെട്ട ഒരു കിരീടം മറന്നു വെക്കുമെന്ന് ആരും കരുതിയില്ല.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുദ്ദേശമില്ലെന്ന് വാര്‍ത്ത സമ്മേളനത്തില്‍ രോഹിത് വ്യക്തമാക്കി. 'ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ദയവായി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്,' ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങനെ തന്നെ തുടരുമെന്ന് രോഹിത് മറുപടി നല്‍കി.
പവര്‍പ്ലേയില്‍ ആക്രമിച്ചു കളിക്കാനുള്ള തീരുമാനം പ്രത്യേക ലക്ഷ്യത്തോടെ എടുത്തതാണെന്നും രോഹിത് വ്യക്തമാക്കി. ദുബായിലെ പിച്ചിന്റെ സ്വഭാവം കൂടി വേഗത്തില്‍ ബാറ്റ് ചെയ്യാനുള്ള തീരുമാനത്തിന് കാരണമായി. 'പിച്ച് ഇതിനകം തന്നെ സ്ലോ ആയതിനാല്‍ അത് ബുദ്ധിമുട്ടാണ്. അതിനാല്‍ മുകളില്‍ നിന്ന് തന്നെ അവസരങ്ങള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്. ബൗളറെയും എവിടെ ചാര്‍ജ് ചെയ്യാമെന്നും എവിടെ ഷോട്ട് കളിക്കാമെന്നും ഞാന്‍ തിരഞ്ഞെടുക്കുന്നു. അതില്‍ വലിയ റണ്‍സ് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ഇന്ന് 10 ഓവറിന് ശേഷം എന്റെ കളിയില്‍ ചെറിയ മാറ്റം വരുത്തി. കൂടുതല്‍ നേരം കളിക്കേണ്ടി വന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.