സമാന്യ ബുദ്ധി നഷ്ടപ്പെട്ടു, രോഹിതിനും ഗംഭീറിനുമെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരം
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും പരിശീലകന്‍ ഗൗതം ഗംഭീറിനുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇരുവരുടേയും നിലപാടുകളാണ് ഇന്ത്യയെ തോല്‍വിയിലേക്ക് എത്തിച്ചതെന്നാണ് തിവാരി ആരോപിക്കുന്നത്.
രണ്ടാം ഇന്നിങ്സില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പന്ത് നല്‍കാതിരുന്നത് തിവാരി ചോദ്യം ചെയ്തു. ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ് മാത്രം മതിയായിരുന്ന സാഹചര്യത്തില്‍ അശ്വിന് രണ്ട് ഓവറുകള്‍ മാത്രമാണ് ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്.
'കോച്ചും ക്യാപ്റ്റനും എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പലപ്പോഴും അവരുടെ തീരുമാനങ്ങള്‍ എനിക്ക് പിടികിട്ടാറില്ല. പുതിയൊരു കോച്ചോ ക്യാപ്റ്റനോ വരുമ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണെന്ന് തോന്നുന്നു,' തിവാരി പറഞ്ഞു.
107 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ അശ്വിനെ ബൗള്‍ ചെയ്യിക്കാതിരുന്നത് വിചിത്രമായ തീരുമാനമായിരുന്നുവെന്ന് തിവാരി അഭിപ്രായപ്പെട്ടു. 500-ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ അശ്വിന് പകരം മറ്റ് ബൗളര്‍മാരെ പരീക്ഷിച്ചത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മികച്ച ക്യാപ്റ്റന്‍മാര്‍ക്ക് പോലും തെറ്റുകള്‍ പറ്റാം. എന്നാല്‍ അവിടെയാണ് കോച്ചിന്റെ പങ്ക് പ്രധാനമാകുന്നത്. ടീമിന് ശരിയായ ഉപദേശം നല്‍കേണ്ടത് കോച്ചാണ്. എന്നാല്‍ ബെംഗളൂരു ടെസ്റ്റില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കാതിരുന്നതെന്ന് എനിക്കറിയില്ല,' തിവാരി പറഞ്ഞു.
ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം അനായാസം ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു.