ഇംഗ്ലീഷ് പേസര്‍മാര്‍ ശരീരത്തിലേക്ക് പന്തെറിയുകയായിരുന്നു, അതിജീവിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി രോഹിത്ത്
കട്ടക്ക്: ഫോമില്ലായ്മയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ 90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. 7 സിക്‌സുകളും 12 ഫോറുകളും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും മോശം ഫോമിനെ തുടര്‍ന്ന് രോഹിത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 44.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്സ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു. ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംഗ്സ്റ്റണ്‍ (41) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മത്സരശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍: 'ടീമിന് വേണ്ടി റണ്‍സ് നേടാനായത് സന്തോഷമുണ്ട്. ഇതൊരു പ്രധാന മത്സരമായിരുന്നു. പരമ്പര വിജയം നേടാനായത് കൂടുതല്‍ സന്തോഷം നല്‍കുന്നു. ടി20യെക്കാള്‍ ദൈര്‍ഘ്യമേറിയതും ടെസ്റ്റിനെക്കാള്‍ ചെറുതുമാണ് ഏകദിന ഫോര്‍മാറ്റ്. സാഹചര്യങ്ങള്‍ക്കനുരിച്ച് കളിക്കണം. ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. ബൗളര്‍മാര്‍ ശരീരത്തിലേക്ക് പന്തെറിയാതിരിക്കാന്‍ ശ്രമിച്ചു. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും മികച്ച പിന്തുണ നല്‍കി. ഞങ്ങള്‍ ഒരുമിച്ചുള്ള ബാറ്റിംഗ് ആസ്വദിച്ചു.'
'മധ്യ ഓവറുകളില്‍ കളി ഏത് ഭാഗത്തേക്കും മാറാം. എന്നാല്‍ ഇരു മത്സരങ്ങളിലും മധ്യ ഓവറുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ മത്സരത്തിന് ശേഷവും ഞാന്‍ ഇത് പറഞ്ഞിരുന്നു. കളിക്കാര്‍ എന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്.' രോഹിത് കൂട്ടിച്ചേര്‍ത്തു.
ശുഭ്മാന്‍ ഗില്‍ (60), ശ്രേയസ് അയ്യര്‍ (44), അക്‌സര്‍ പട്ടേല്‍ (41) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തു.