എന്തുകൊണ്ട് തോറ്റു, കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് രോഹിത്ത് ശര്‍മ്മ
പൂനെയിലെ തോല്‍വിയോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായി എന്നത് ഇനിയും ഉള്‍കൊള്ളാനായിട്ടില്ല ഇന്ത്യന്‍ ആരാധകര്‍ക്ക്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് 113 റണ്‍സിന് കിവീസ് സ്വന്തമാക്കി. ഇതോടെ പരമ്പരയും ന്യൂസിലാന്‍ഡ് കൈക്കലാക്കി. 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ പതനത്തിന് കാരണക്കാരന്‍.
359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടിവന്നു. ആദ്യ ഇന്നിംഗ്സില്‍ കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നത്.
'വാംഖഡെയില്‍ മികച്ച പ്രകടനം നടത്തി വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇതൊരു കൂട്ടായ പരാജയമാണ്. ഞാന്‍ ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ മാത്രം കുറ്റപ്പെടുത്തുന്നില്ല' രോഹിത് കൂട്ടിച്ചേര്‍ത്തു.
'ഒരിക്കലും പ്രതീക്ഷിക്കാക്ക ഫലം, നിരാശജനകമെന്ന് പറയാം. എല്ലാ ക്രഡിറ്റും ന്യൂസിന്‍ഡിന്. അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ചില നിമിഷങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വെല്ലുവിളികളോട് പ്രതികരിക്കുന്നതിലു ഞങ്ങള്‍ പിന്നിലായി. ടീമിന് ആവശ്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. അതെ, പക്ഷേ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു' രോഹിത് പറഞ്ഞു.
'അവരെ ആദ്യ ഇന്നിംഗ്സില്‍ 250-ഓളം മാത്രമായി പരിമിതപ്പെടുത്തിയത് വലിയ കാര്യമാണ്. പക്ഷേ തുടര്‍ന്നങ്ങോട്ട് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ ഒരിക്കല്‍ മൂന്നിന് 200 എന്ന നിലയിലായിരുന്നു, ഞങ്ങള്‍ക്ക് തിരിച്ചുവരാനും അവരെ 259 ന് പുറത്താക്കാനും സാധിച്ചു. എന്നാല്‍ പിച്ചിന്റെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കാത്തതായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഞങ്ങള്‍ കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാകുമായിരുന്നു. വാംഖഡെയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ആ ടെസ്റ്റ് വിജയിക്കാനും ആഗ്രഹിക്കുന്നു. അതൊരു കൂട്ടായ പരാജയമാണ്. ഞാന്‍ ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ മാത്രം കുറ്റപ്പെടുത്തുന്ന ആളല്ല. വാംഖഡെയില്‍ ഒരു വലിയ തിരിച്ചുവരവ് നടത്തും' രോഹിത് കൂട്ടിചേര്‍ത്തു.
12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. അവസാനം 2012ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ പരമ്പര തോറ്റത്.