സര്‍ഫറാസിനെതിരെ പരാതിയുമായി അമ്പയറെ സമീപിച്ച് ന്യൂസിലന്‍ഡ് താരം, ഉത്തരവാദിത്തം ഏറ്റ് രോഹിത്ത്
ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ ഡാരല്‍ മിച്ചലിനെ പ്രകോപിപ്പിച്ചതായി പരാതി. മിച്ചലിന്റെയും വില്‍ യങ്ങിന്റെയും മികച്ച ബാറ്റിംഗ് കണ്ട് അസ്വസ്ഥനായ സര്‍ഫറാസ്, ഷോര്‍ട്ട് ലെഗില്‍ നിന്ന് ശബ്ദമുണ്ടാക്കി ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
മിച്ചല്‍ ഉടന്‍ തന്നെ അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് ഇല്ലിങ്വര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. വിരാട് കോഹ്ലിയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. സര്‍ഫറാസ് ഇനി ഇത്തരം പ്രകോപനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് രോഹിത് ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ്:
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 235 റണ്‍സിന് ഓള്‍ ഔട്ടായി. വില്‍ യങ് (71), ഡാരല്‍ മിച്ചല്‍ (82) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ ഇന്നിംഗ്‌സ്:
മറുപടി ബാറ്റിംഗില്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18) വേഗത്തില്‍ പുറത്തായി. യശ്വസി ജയ്‌സ്വാള്‍ (30), ശുഭ്മന്‍ ഗില്‍ (31) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിരാട് കോഹ്ലി (4) റണ്‍ ഔട്ടായതും തിരിച്ചടിയായി. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ്.