പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ പോലും ഓസീസില്‍ ഷമിയെ ആവശ്യമില്ല, കാരണം വിശദമാക്കി രോഹിത്ത്
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ ഒരു നിരാശാജനകമായ വാര്‍ത്ത പുറത്തുവിട്ടു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ കളിക്കില്ല എന്നതാണ് അത്.
ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഷമിയുടെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രോഹിത് ഈ വിവരം വെളിപ്പെടുത്തിയത്. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കുമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ഓസ്‌ട്രേലിയയില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുത്താലും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് രോഹിത് വ്യക്തമാക്കി. ദീര്‍ഘകാലമായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ഷമിക്ക് മത്സര പരിചയം കുറവാണെന്നതാണ് ഇതിന് കാരണമായി രോഹിത്ത് പറഞ്ഞത്.
'സത്യം പറഞ്ഞാല്‍, ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഷമിയെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന് പരിക്കേറ്റു, മുട്ടില്‍ നീരും ഉണ്ടായിരുന്നു. അത് അദ്ദേഹത്തെ അല്‍പ്പം പിന്നോട്ടടിച്ചു, വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. ഡോക്ടര്‍മാരുടെയും ഫിസിയോകളുടെയും കൂടെ എന്‍സിഎയിലാണ് അദ്ദേഹം ഇപ്പോള്‍. പൂര്‍ണ ആരോഗ്യവാനല്ലാത്ത ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' രോഹിത് പറഞ്ഞു.
ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം. പരിക്കില്‍ നിന്ന് മുക്തനായ ശേഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സമയം നല്‍കണമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ഷമിയുടെ ഫിറ്റ്‌നസ് വിലയിരുത്താന്‍ എന്‍സിഎയില്‍ ഇന്റേണല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും രോഹിത് അറിയിച്ചു.
ഷമി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ രോഹിത് തയ്യാറായില്ലെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിത്തം സംശയാസ്പദമാണെന്ന് വ്യക്തമാണ്