ബിസിസിഐ കരാര്‍ നഷ്ടപ്പെടാതിരിക്കാനാണോ രഞ്ജി കളിച്ചത്? രോഹിതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍
ഏറെ നാലുകള്‍ക്ക് ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാനെത്തിയ രോഹിത് ശര്‍മ്മയുടെ പ്രകടനത്തെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലായി വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
'ബിസിസിഐ കരാര്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണോ രോഹിത് കളിച്ചത്?' എന്ന ചോദ്യമാണ് ഗവാസ്‌കര്‍ ഉന്നയിച്ചത്. മുതിര്‍ന്ന താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രോഹിത് ടീമില്‍ ഇടം നേടിയത്. എന്നാല്‍ കളിക്കാര്‍ മനസ്സുവെച്ച് കളിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കളിക്കാതിരുന്നതിനാല്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് രോഹിത് കളിക്കാന്‍ തീരുമാനിച്ചതോ എന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്.
രോഹിത്തിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു. എല്ലാ പിച്ചുകളിലും ഈ ശൈലി ഫലപ്രദമാകണമെന്നില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ ശ്രദ്ധയും സാങ്കേതിക മികവും ആവശ്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
മുംബൈയുടെ ബാറ്റിംഗ് നിരയില്‍ നാല് ഇന്ത്യന്‍ ടെസ്റ്റ് കളിക്കാര്‍ ഉണ്ടായിരുന്നിട്ടും ടീമിന്റെ സ്‌കോര്‍ നാണക്കേടായി മാറുമായിരുന്നുവെന്നും ശാര്‍ദുല്‍ താക്കൂറിന്റെ ഇന്നിംഗ്സുകള്‍ മാത്രമാണ് അത് തടഞ്ഞതെന്നും ഗവാസ്‌കര്‍ പറഞ്ഞു. താക്കൂറും തനുഷ് കോട്ടിയനും ചേര്‍ന്ന് കാഴ്ചവെച്ച കൂട്ടുകെട്ട് കരുതലും ആക്രമണോത്സുകതയും സമന്വയിപ്പിച്ചാല്‍ ഈ പിച്ചില്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ ബാറ്റ്‌സ്മാന്‍മാരും ഇതേ സമീപനമാണ് സ്വീകരിച്ചത്.
മുംബൈയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പുറത്താകല്‍ ആക്രമണോത്സുകമായ ബാറ്റിംഗിന്റെ അപകടസാധ്യതകള്‍ വീണ്ടും വെളിച്ചത്തുകൊണ്ടുവന്നുവെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഫ്‌ലാറ്റ് പിച്ചുകളില്‍ ഇത് ഫലപ്രദമാകുമെങ്കിലും പന്ത് ചലിക്കുന്ന പിച്ചുകളില്‍ നല്ല പന്തുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക മികവ് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.