പരിശീലനം നടത്താനാകാതെ വലഞ്ഞ് രോഹിത്ത്, പിള്ളേരെ പോലും തോല്‍പിക്കുന്ന കഠിനാധ്വാനവുമായി കോഹ്ലി
ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ഇറങ്ങാതെ വിട്ടു നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതെസമയം പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അക്കാദമിയില്‍ പരിശീലനം നടത്തി. എല്ലാ താരങ്ങളും ഫുട്‌ബോള്‍ കളിച്ചും ലാപ്പുകള്‍ ഓടിയും വാം അപ്പ് ചെയ്‌തെങ്കിലും രോഹിത് കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായില്ല.
രോഹിത്ത് 'സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയുടെ നിരീക്ഷണത്തില്‍ പതുക്കെ ജോഗ് ചെയ്തു' എന്നും എന്നാല്‍ സ്വതന്ത്രമായി നീങ്ങുന്നതായി കണ്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചിരുന്നു. എന്നാല്‍ മത്സരശേഷം നടന്ന പ്രെസന്റേഷനില്‍ താന്‍ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നും രോഹിത്ത് പറഞ്ഞിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, രോഹിത് ത്രോഡൗണുകള്‍ നേരിട്ടില്ല. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും മറ്റ് കോച്ചിംഗ് സ്റ്റാഫുകളുമായും ചര്‍ച്ചകള്‍ നടത്തുന്നതിനിടെ ഷാഡോ ബാറ്റിംഗ് മാത്രമാണ് അദ്ദേഹം ചെയ്തത്. അതേസമയം, വിരാട് കോഹ്ലി സ്പിന്നര്‍മാരെ നേരിടാന്‍ കൂടുതല്‍ സമയം ചെലവഴിച്ചു. വ്യക്തിപരമായ കാരണത്താല്‍ നാട്ടിലേക്ക് പോയ ശേഷം ബോളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ടീമിനൊപ്പം ചേരുകയും ചെയ്തു.
പരിശീലന സെഷനില്‍ കോഹ്ലി കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നി സ്പിന്നര്‍മാരേയും മറ്റ്് നെറ്റ് ബൗളര്‍മാരേയും മണിക്കൂറുകളോളം നേരിട്ടു. പേസര്‍ മുഹമ്മദ് ഷമി രണ്ട് ദിശകളിലേക്കും പന്ത് സ്വിംഗ് ചെയ്യിപ്പിച്ച് കോഹ്ലിയുടെ പാഡില്‍ രണ്ടുതവണ തട്ടിച്ചു. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും സെഷനില്‍ കഠിനാധ്വാനം ചെയ്യുന്നതും കാണാമിരുന്നു.
മോര്‍ക്കലിന്റെ നിരീക്ഷണത്തില്‍ ആണ് ബൗളിംഗ് പരിശീലനം നടന്നത്. ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഓപ്പണറിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോര്‍ക്കലിന് ഇന്ത്യന്‍ ക്യാമ്പ് വിടേണ്ടി വന്നത്.
ഐസിസി അക്കാദമിയില്‍ കളിക്കാര്‍ വാം-അപ്പ് ഡ്രില്ലുകള്‍ ചെയ്യുമ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ദീര്‍ഘനേരം സംസാരിക്കുന്നത് കണ്ടു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററായ ശുഭ്മാന്‍ ഗില്‍ പരിശീലനത്തിന് എത്തിയില്ല.