പടിക്കലിന്റെ പന്തുകള്‍ വരെ നേരിടാനാകാതെ രോഹിത്ത്, നെറ്റ്‌സില്‍ ദയനീയ കാഴ്ച്ച
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി നെറ്റില്‍ വലിയ പരിശീലനമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ നടത്തുന്നത്. മോശം ഫോമിലൂടെ കടന്ന് പോകുന്ന രോഹിത്ത് ബോക്‌സിംഗ് ഡേ ടെസ്റ്റിലൂടെ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ നെറ്റ്‌സില്‍ പാര്‍ട്ട് ടൈമര്‍ ദേവ്ദത്ത് പടിക്കലിന്റെ പന്തുകള്‍ നേരിടാന്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടു, പ്രധാനമായും പിച്ചിന്റെ സ്വഭാവമാണ് രോഹിത്തിനെ വിഷമിപ്പിച്ചത്.
രോഹിത് ശര്‍മ്മയും ബാറ്റിംഗ് യൂണിറ്റിലെ മറ്റ് അംഗങ്ങളും മെല്‍ബണില്‍ നടന്ന നെറ്റ്സ് സെഷന് 'ഉപയോഗപ്രദമല്ലാത്ത' പിച്ചുകളിലാണ പരിശീലിക്കേണ്ടി വന്നത്. മത്സരത്തിനായി തയ്യാറാക്കിയ യഥാര്‍ത്ഥ വിക്കറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന് ലഭിച്ച പരിശീലന സര്‍ഫസുകള്‍ വളരെ വ്യത്യസ്തമായിരുന്നു. പന്ത് താഴ്ന്ന നിലയില്‍ നില്‍ക്കുന്നതിനാല്‍, പാര്‍ട്ട് ടൈമര്‍ ദേവ്ദത്ത് പടിക്കലിന്റെ ബൗളിംഗ് പോലും നേരിടാന്‍ രോഹിത്തിനായില്ല. പേസര്‍ ആകാശ് ദീപിന്റെ ബൗളിംഗില്‍ രോഹിതിന്റെ കാല്‍മുട്ടില്‍ പന്ത് പതിക്കുകയും ചെയ്തു.
രോഹിതും പടിക്കലും ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ പരിശീലന വിക്കറ്റില്‍ ഒരു പാര്‍ട്ട് ടൈമറെ വരെ നേരിടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്നാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
ബിഗ് ബാഷിനായി ഉപയോഗിച്ചതും പൊട്ടിപൊളിഞ്ഞതുമായ വിക്കറ്റുകളിലാണ് ഇന്ത്യ പരിശീലിക്കുന്നതെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. എംസിജിയില്‍ നിന്നുള്ള ചിത്രങ്ങളും ഇത് അടിവരയിടുന്നതാണ്. അതെസമയം ഓസ്ട്രേലിയന്‍ ടീമിനായി അടയാളപ്പെടുത്തിയ പരിശീലന വിക്കറ്റ് പുതുമയുള്ളതായി കാണപ്പെട്ടു. ഇത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.