10ല്‍ അഞ്ചും ബാധിക്കുക സൂപ്പര്‍ താരങ്ങളെ, നരകത്തിലേക്കുളള വാതില്‍ തുറന്ന് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ബിസിസിഐ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറ്റവും ബാധിക്കപ്പെടുക സൂപ്പര്‍ താരങ്ങളെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെ നേരിട്ട് ബാധിക്കുന്ന കല്‍പനകളാണ് ബിസിസിഐ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അച്ചടക്കം, ഐക്യം, പോസിറ്റീവ് ടീം അന്തരീക്ഷം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബിസിസിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ 10 പോയിന്റ് നിയമങ്ങളില്‍ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും രോഹിത്, കോഹ്ലി, ബുംറ എന്നിവരെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഏതൊക്കെയാണ് ഈ നിയമങ്ങള്‍?
ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കല്‍ നിര്‍ബന്ധം: പരിക്കില്ലെങ്കില്‍ അല്ലെങ്കില്‍ കോച്ചിന്റെയും സെലക്ടര്‍മാരുടെയും മുന്‍കൂര്‍ അനുമതിയോടെ ഒഴിവാക്കപ്പെട്ടില്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് ലഭ്യമാകണം. 2016 ല്‍ ആണ് രോഹിത് അവസാനമായി ആഭ്യന്തര മത്സരം കളിച്ചത്. കോഹ്ലി 2012 ലും ബുംറ 2018 ലും.
ടീമിനൊപ്പം യാത്ര: മത്സരങ്ങള്‍ക്കും പരിശീലന സെഷനുകള്‍ക്കും ടീമിനൊപ്പം യാത്ര ചെയ്യണം. കുടുംബാംഗങ്ങളുമായി പ്രത്യേക യാത്രാക്രമീകരണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു. ഹെഡ് കോച്ചിന്റെയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയും മുന്‍കൂര്‍ അംഗീകാരത്തോടെ മാത്രമേ ഇതിന് അപവാദം അനുവദിക്കൂ. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കോഹ്ലി അപൂര്‍വ്വമായി മാത്രമേ ടീമിനൊപ്പം യാത്ര ചെയ്യാറുള്ളൂ. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ, കോഹ്ലിയും ജസ്പ്രീത് ബുംറയും മാത്രമാണ് കുടുംബാംഗങ്ങളുമായി പ്രത്യേകം യാത്ര ചെയ്തത്.
വ്യക്തിഗത ബ്രാന്‍ഡ് പ്രമോഷനുകള്‍ക്ക് വിലക്ക്: ഇന്ത്യന്‍ ടീമിനൊപ്പമുള്ള പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് വ്യക്തിഗത ബ്രാന്‍ഡ് പ്രമോഷനുകളിലും ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാന്‍ അനുവാദമില്ല.
കുടുംബ യാത്ര: ഇന്ത്യയുടെ വിദേശ പര്യടനം 45 ദിവസത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും (18 വയസ്സിന് താഴെ) കളിക്കാരോടൊപ്പം യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. താമസത്തിന്റെ ദൈര്‍ഘ്യം 14 ദിവസത്തില്‍ കൂടരുത്. സമീപകാലങ്ങളില്‍, കോഹ്ലി, ബുംറ, രോഹിത് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പര്യടനത്തിന്റെ മുഴുവന്‍ സമയത്തും കുടുംബാംഗങ്ങളോടൊപ്പമായിരുന്നു.
നേരത്തെയുള്ള മടക്കയാത്ര: മത്സരങ്ങള്‍ നേരത്തെ അവസാനിച്ചാല്‍, പ്രത്യേകിച്ച് ഹോം ടെസ്റ്റുകള്‍ക്കിടയില്‍, കോഹ്ലിയും രോഹിതും പലപ്പോഴും നാട്ടിലേക്ക് മടങ്ങാറുണ്ട്. മത്സരങ്ങള്‍ ആസൂത്രണം ചെയ്തതിലും നേരത്തെ അവസാനിച്ചാലും, ഷെഡ്യൂള്‍ ചെയ്ത പരമ്പരയുടെയോ പര്യടനത്തിന്റെയോ അവസാനം വരെ കളിക്കാര്‍ ടീമിനൊപ്പം തന്നെ തുടരണമെന്ന് ബിസിസിഐ പറഞ്ഞു.
ഈ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.