രോഹിത് അടക്കം ഇന്ത്യന്‍ താരങ്ങളെല്ലാം രഞ്ജി മത്സരത്തില്‍ നിന്ന് പിന്മാറി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെല്ലാം മുംബൈക്കുവേണ്ടിയുള്ള അടുത്ത രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് പിന്മാറി. മൂന്ന് കളിക്കാരുടെയും പിന്മാറ്റം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുമായി തയ്യാറെടുക്കാനാണ് രോഹിത്, ജയ്സ്വാള്‍, അയ്യര്‍ എന്നിവര്‍ രഞ്ജിയില്‍ നന്ന് പിന്മാറിയത്. മൂവരും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 23 കാരനായ ജയ്സ്വാളിന് ഏകദിന ക്രിക്കറ്റില്‍ ദേശീയ ടീമിലേക്കുള്ള ആദ്യ ക്ഷണമാണിത്.
ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ തോറ്റതിനും തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തോറ്റതിനും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇതോടെയാണ് ടെസ്റ്റ് സീസണില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിത്. എന്നാല്‍ അത് വേണ്ടത്ര ഫലപ്രദമായിട്ടില്ല.
ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിതും ജയ്സ്വാളും കളിച്ചെങ്കിലും ബാറ്റിംഗില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഒരു ദശാബ്ദത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തിയ രോഹിത് രണ്ട് ഇന്നിംഗ്‌സുകളിലായി 31 റണ്‍സ് മാത്രമാണ് നേടിയത്. ഫോമില്ലായ്മയും പതര്‍ച്ചയും പ്രകടമായിരുന്നു.
ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ആദ്യ ദിനം 19 പന്തില്‍ നിന്ന് 3 റണ്‍സിന് പുറത്തായ രോഹിത്, രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സ് നേടി. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ 52 റണ്‍സ് നേടിയതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോറാണിത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്സ്വാളിന് ജമ്മു കശ്മീരിനെതിരെ 4 ഉം 26 ഉം റണ്‍സ് മാത്രമേ നേടാനായുള്ളൂ.