പറയിപ്പിച്ചല്ലോടാ മക്കളെ, രഞ്ജിയില്‍ ദുരന്തമായി ഇന്ത്യന്‍ താരങ്ങള്‍
ബിസിസിഐ കണ്ണുരുട്ടിയതിനെ തുടര്‍ന്ന് രഞ്ജി ട്രോഫി കളിക്കാനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് ശേഷം 'കളി പഠിക്കാന്‍' ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിലേക്ക് അയച്ച താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും വേഗത്തില്‍ പുറത്തായി. ജയ്‌സ്വാള്‍ എട്ടു പന്തില്‍ നാലു റണ്‍സെടുത്തപ്പോള്‍, രോഹിത് 19 പന്തില്‍ മൂന്ന് റണ്‍സുമായി മടങ്ങി. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ പഞ്ചാബിനെ നയിച്ച ശുഭ്മന്‍ ഗില്ലും നാലു റണ്‍സെടുത്ത് പുറത്തായി. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒരു റണ്ണുമായി മടങ്ങി.
ദേശീയ ടീം അംഗങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശമാണ് രോഹിത്, പന്ത്, ഗില്‍, ജഡേജ തുടങ്ങിയ താരങ്ങളെ രഞ്ജിയിലേക്ക് തിരിച്ചെത്തിച്ചത്.
മുംബൈക്ക് കൂട്ടത്തകര്‍ച്ച
രോഹിത്, ജയ്‌സ്വാള്‍ എന്നിവരുടെ പുറത്താകലോടെ മുംബൈ ടീം തകര്‍ന്നടിഞ്ഞു. ജമ്മുകശ്മീരിനെതിരെ കേവലം 120 റണ്‍സിനാണ് താരനിബിഢമായ മുംബൈ ടീം പുറത്തായത്. ഹാര്‍ദിക് താമോര്‍ (7), അജിന്‍ക്യ രഹാനെ (12), ശിവം ദുബെ (0), ഷംസ് മുളാനി (0), ശ്രേയസ് അയ്യര്‍ (11) എന്നിവരും വേഗത്തില്‍ പുറത്തായി.
ഷാര്‍ദുല്‍ താക്കൂര്‍ അന്‍പത് പന്തില്‍ അന്‍പത് റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ ഏഴിന് 47 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ താക്കൂര്‍ - കൊട്ടിയന്‍ സഖ്യമാണ് രക്ഷിച്ചത്.
പഞ്ചാബ് 55ന് പുറത്ത്
ശുഭ്മന്‍ ഗില്‍ നയിച്ച പഞ്ചാബ് ടീം കര്‍ണാടകയ്ക്കെതിരെ വെറും 55 റണ്‍സിന് ഓള്‍ ഔട്ടായി. ഗില്‍ നാലു റണ്‍സെടുത്ത് പുറത്തായി.
പന്ത് ഒരു റണ്ണിന് പുറത്ത്
സൗരാഷ്ട്രയ്ക്കെതിരെ ഋഷഭ് പന്ത് 10 പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത് പുറത്തായി. ആദ്യ ദിനം ഉച്ചഭക്ഷണ സമയത്ത് ഡല്‍ഹി ആറിന് 153 റണ്‍സ് എന്ന നിലയിലായിരുന്നു. അതെസമയം സൗരാഷ്ട്രയക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. 66 റണ്‍സ് വഴങ്ങിയാണ് ഞ്ച് വിക്കറ്റ് പ്രകടനം.