ഹെഡിന്റെ ഫോമല്ല; റോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയാണ് ഇന്ത്യയ്ക്ക് 'തലവേദന' സൃഷ്ടിക്കുന്നത്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും ട്രാവിസ് ഹെഡിന്റെ വെല്ലുവിളി തുടരുമ്പോൾ മറുതന്ത്രങ്ങൾ ഒന്നുമില്ലാതെ ടീം ഇന്ത്യ. ഇതോടെ, ഗാബയിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ റോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ഹെഡിനെ നേരിടാൻ റോഹിത് ശരിയായ തന്ത്രങ്ങൾ പയറ്റിയില്ല എന്നതാണ് വിമർശനം.
ഹെഡിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ പരാജയപ്പെട്ടു
ഹെഡിന് ഷോർട്ട് ബോളുകൾ ഒരു ബലഹീനതയാണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും റോഹിത് ഷോർട്ട് ലെഗ് അല്ലെങ്കിൽ ലെഗ് ഗള്ളിയിൽ ഫീൽഡർമാരെ നിർത്തിയില്ല. ഇത് ഹെഡിന് സ്വതന്ത്രമായി റൺസ് നേടാൻ അവസരമൊരുക്കി എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ആക്ഷേപം. ടിവിയിൽ കമന്റേറ്റർമാരും നിരന്തരം ഈ വിമർശനം ഉന്നയിച്ചു . ക്ലോസ്-ഇൻ ഫീൽഡർമാരുടെ അഭാവം ഹെഡിന് യാതൊരു സമ്മർദ്ദവുമില്ലാതെ കളിക്കാൻ സഹായകമായി. ഹെഡ് ക്രീസിൽ നിലയുറപ്പിച്ച ശേഷം ജഡേജ പന്തെറിയാൻ വന്നപ്പോഴാണ് ഇന്ത്യ അല്പമെങ്കിലും ആക്രമണോത്സുകമായി ഫീൽഡർമാരെ വിന്യസിച്ചത്.
ജഡേജയെ പന്തെറിയാൻ വൈകിപ്പിച്ചു
ബുംറ മക്സ്വീനിയെയും, ഉസ്മാൻ ഖവാജയെയും പുറത്താക്കിയപ്പോൾ റോഹിത് രവീന്ദ്ര ജഡേജയെ ഉടൻ ബൗളിംഗിൽ കൊണ്ടുവരേണ്ടതായിരുന്നു എന്നാണ് ചിലരുടെ വാദം. പകരം നിതീഷ് കുമാർ റെഡ്ഡിയെയാണ് അദ്ദേഹം പരീക്ഷിച്ചത്. റെഡ്ഡി ലബുഷെയ്‌നെ പുറത്താക്കിയെങ്കിലും സ്മിത്തിന് എതിരെ ഫലപ്രദമായിരുന്നില്ല. ഇടംകൈയ്യൻ സ്പിന്നറായ ജഡേജ സ്മിത്തിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു.
ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചത് പിഴവ്
ടോസ് നേടിയ രോഹിത് ഒട്ടും അമാന്തമില്ലാതെ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മഴയും വെയിലും മാറി മാറി കളിക്കുന്ന ഗബ്ബയിൽ, ഒരു സെഷൻ മുഴുവൻ മഴ മാറി നിന്നാൽ, ഇന്ത്യ നനഞ്ഞുകുതിർന്ന് പുതുമ നഷ്ടപ്പെട്ട പന്തുമായാണ് എറിയേണ്ടി വരിക. ഇത് ഓസീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. രണ്ടാം ദിനം സംഭവിച്ചതുപോലെ, വെയിൽ ചൂടായപ്പോൾ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്.
ക്യാപ്റ്റൻസിയിലെ പിഴവുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
ഈ പിഴവുകൾ ഇന്ത്യയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. റോഹിത് തന്റെ തന്ത്രങ്ങൾ പുനഃപരിശോധിക്കേണ്ട സമയമാണിത് എന്നാണ് ആരാധകരുടെ പക്ഷം.