"ഗുഡ് നൈറ്റ്, രോഹിത് ശർമ്മ" - ഇന്ത്യൻ നായകന് ഓസീസ് ഇതിഹാസത്തിന്റെ രൂക്ഷമായ പരിഹാസം
ആറ് വർഷത്തിന് ശേഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ്ങിൽ മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നത്. പെർത്തിലെ ആദ്യ ടെസ്റ്റിൽ ഓപ്പണിങ്ങിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെ എൽ രാഹുലിന് വേണ്ടിയാണ് രോഹിത് ഓപ്പണിങ് സ്ഥാനം ത്യജിച്ചത്. എന്നാൽ, മധ്യനിരയിൽ നിരാശാജനകമായ തുടക്കമാണ് രോഹിത് ശർമ്മയ്ക്ക് ലഭിച്ചത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ വെറും 3 റൺസിന് പുറത്തായ രോഹിത്, 23 പന്തുകൾ മാത്രമാണ് ക്രീസിൽ നിന്നത്.
ആദ്യ സെഷന് ശേഷമുള്ള മൂന്നാം ഓവറിലാണ് രോഹിത് പുറത്തായത്. ഗുഡ് ലെങ്തിൽ നിന്ന് ഷാർപ്പായി ഇൻസ്വിംഗ് ചെയ്തു വന്ന ബോളണ്ടിന്റെ ഡെലിവറിയിൽ, ക്രീസിൽ നിന്ന് അനങ്ങാതിരുന്ന രോഹിത്, പന്തിന്റെ ചലനത്തെ മനസ്സിലാക്കാതെ തെറ്റായ ലൈനിൽ ഡിഫൻസിന് ശ്രമിച്ചു. എന്നാൽ പന്തിന്റെ സ്വിങ് പ്രതിരോധിക്കാൻ കഴിയാതെ പന്ത് രോഹിതിന്റെ പാഡിൽ തട്ടി, എൽബിഡബ്ല്യു ആയി ഇന്ത്യൻ നായകൻ പുറത്ത്.
ഗിൽക്രിസ്റ്റിന്റെ പരിഹാസം
രോഹിതിന്റെ ഫുട്‌വർക്കിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ്, ഇന്ത്യൻ ക്യാപ്റ്റനെ പരിഹസിക്കാനുള്ള അവസരം പാഴാക്കിയില്ല.
"പെർത്തിൽ ഓസ്ട്രേലിയയുടെ മികച്ച ബൗളർ ഹേസൽവുഡ് ആയിരുന്നു. ഹേസൽവുഡ് ആയിരുന്നെങ്കിൽ ആ പന്ത് സ്റ്റമ്പിൽ തട്ടുമായിരുന്നോ എന്ന് എനിക്ക് സംശയമാണ്. എന്നാൽ പന്ത് മികച്ച രീതിയിൽ സ്കിഡ് ചെയ്യിക്കാനുള്ള കഴിവ് ബോളണ്ടിനുണ്ട്. അതാണ് ഇവിടെ കണ്ടതും. രോഹിത് ശർമ്മയുടെ മുൻകാൽ കുടുങ്ങി, ഗുഡ് നൈറ്റ് രോഹിത്.." ഗിൽക്രിസ്റ്റ് കമന്ററിയിൽ പറഞ്ഞു.
ഓസ്ട്രേലിയയുടെ മികച്ച തുടക്കം
ആദ്യ സെഷന്റെ അവസാനം ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ശേഷം ബോളണ്ട് വീഴ്ത്തിയ രണ്ടാമത്തെ വിക്കറ്റാണ് രോഹിത്തിന്റേത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിന് വിക്കറ്റ് നൽകി പുറത്തായിരുന്നു. ശേഷം ശുഭ്മാൻ ഗിലുമായി ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഓപ്പണർ കെഎൽ രാഹുൽ 37 റൺസിന് പുറത്തായി. പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി എട്ട് പന്തിൽ നിന്ന് വെറും 7 റൺസിനും പുറത്തായതോടെ, പിന്നാലെ ഇന്ത്യൻ ബാറ്റർമാർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. ഓൾ റൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഢിയും, അശ്വിനും ചേർന്നാണ് ഇന്ത്യക്കായി പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
ഇന്ത്യയുടെ മാറ്റങ്ങൾ
ക്യാപ്റ്റൻ രോഹിത് ശർമ്മ, ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ആദ്യ ടെസ്റ്റ് നഷ്ടമായ ശേഷം പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പുറത്തായി.