തിരിച്ചടിയ്ക്കും, മത്സരശേഷം പ്രതികാര പ്രതിജ്ഞയുമായി രോഹിത്തിന്റെ പ്രഖ്യാപനം
ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവിയ്ക്ക് ഉറച്ച മറുപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോല്‍വി ഏറ്റ് വാങ്ങിയതിന് ശേഷം സംസാരിച്ചപ്പോഴാണ് രോഹിത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റില്‍ തങ്ങള്‍ തോറ്റതാണെന്നും പിന്നീട് ശക്തമായി തിരിച്ചുവരാണ്‍ ആയെന്നും രോഹിത്ത് പറയുന്നു. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങളുണ്ടെന്നും രോഹിത്ത് ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ പിന്നിലാണ്.
'ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോറ്റെങ്കിലും ഞങ്ങള്‍ ശക്തമായി തിരിച്ചുവന്നു, ഈ പരമ്പരയില്‍ ഇനിയും 2 ടെസ്റ്റുകള്‍ ബാക്കിയുണ്ട്' രോഹിത് ശര്‍മ്മ പറഞ്ഞു.
അതെസമയം ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ വീരോചിത പ്രകടനം കാഴ്ച്ചവെച്ച സര്‍ഫറാസ് ഖാനേയും റിഷഭ് പന്തിനേയും പ്രശംസിക്കാന്‍ രോഹിത്ത് മറന്നില്ല.
'പന്തും സര്‍ഫറാസും ബാറ്റ് ചെയ്യുമ്പോള്‍ എല്ലാവരും ആവേശത്തിലാകും. പന്തില്‍ നിന്ന് പക്വതയുള്ള ഇന്നിംഗ്സാണ് കണ്ടത്, നാലോ അഞ്ചോ ടെസ്റ്റുകള്‍ മാത്രമാണ് സര്‍ഫറാസ് കളിച്ചിട്ടുളളു. എന്നിട്ടും ബാറ്റുകൊണ്ട് അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു' രോഹിത് ശര്‍മ്മ പറഞ്ഞു.
മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.