2007നേക്കാള്‍ സ്‌പെഷ്യലാണ് എനിക്ക് ഈ ലോകകിരീടം, തുറന്നടിച്ച് രോഹിത്ത്
ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയുടെ കരിയറിലെ രണ്ടാമത്തെ ലോകകിരീടമാണ് ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴില്‍ 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തുമ്പോഴും രോഹിത്ത് ടീമിലുണ്ടായിരുന്നു.
എന്നാല്‍ 2007ലെ ലോകകിരീടത്തേക്കാള്‍ തനിക്ക് പ്രധാനപ്പെട്ടത് ഇത്തവണ നേടിയ ലോകകിരീടമാണെന്ന് തുറന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ഇത്തവണ ടീമിനെ നയിക്കുന്നത് താന്‍ ആണ് എന്നതാണ് തനിക്ക് കൂടുതല്‍ അഭിമാനം നല്‍കുന്നതെന്നാണ് രോഹിത്ത് ശര്‍മ്മ പറയുന്നത്. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലൂടെയാണ് രോഹിത്ത് മനസ്സ് തുറന്നത്.
'2007 ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, ഞങ്ങള്‍ അന്ന് ഉച്ചകഴിഞ്ഞ് ആണ് വിന്നിംഗ് പരേഡ് ആരംഭിച്ചത്, ഇത് വൈകുന്നേരമാണ്. 2007ലെ എന്റെ ആദ്യ ലോകകപ്പായതിനാല്‍ എനിക്ക് ആ ലോകകപ്പ് മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ടീമിനെ നയിച്ചതിനാല്‍ ഈ ലോകകപ്പ് എനിക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ആണ്, അതിനാല്‍ ഇത് എനിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്' രോഹിത് പറഞ്ഞു.
'ഇത് പറഞ്ഞറിയ്ക്കാനാകാത്ത അവിശ്വസനീയ ഫീലിംഗ് ആണ്. ഞങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും ഈ കിരീടം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ ആരാധകരുടെ ആവേശം കാണിക്കുന്നു. അവര്‍ക്കു വേണ്ടി ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്' രോഹിത് പറഞ്ഞു.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. വിരാട് കോഹ്ലിയായിരുന്നു കളിയിലെ താരം. ജസ്പ്രിത് ഭുംറ പരമ്പരയിലെ താരമായും തെഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടിയത് രോഹിത്താണ്.