രോഹിത്ത് സെഞ്ച്വറി നേടി എന്നത് ശരി തന്നെ, പക്ഷെ സംശയങ്ങളുണ്ട്, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് സെഞ്ച്വറി ക്ലിനിക്കലും ആവേശകരവുമായിരുന്നു. കട്ടകിലെ കാണികള്‍ക്ക് അത് വലിയൊരു ബാറ്റിംഗ് വിരുന്നാകുകയും ചെയ്തു. എന്നാല്‍ രോഹിത്തിന് സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്‌ജേക്കര്‍ക്ക് ഇപ്പോഴും സംശയമാണ്.
2024/25 ടെസ്റ്റ് സീസണില്‍ രോഹിത് ശര്‍മ്മക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. 15 ഇന്നിംഗ്സുകളില്‍ 10.93 ശരാശരി മാത്രമായിരുന്നു രോഹിത്തിനുണ്ടായിരുന്നത്. എന്നാല്‍ കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 90 പന്തില്‍ 119 റണ്‍സാണ് രോഹിത്ത് നേടിയത്.
ഈ പ്രകടനത്തോടെ ഇന്ത്യ നാല് വിക്കറ്റിന് മത്സരം വിജയിച്ചു. എന്നാല്‍ 37 കാരനായ രോഹിത് ശര്‍മ്മക്ക് ഇത്തരം ഇന്നിംഗ്സുകള്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കുമോ എന്ന സംശയമാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്‌ജേക്കര്‍ ഉയര്‍ത്തുന്നത്. രോഹിത് ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് നല്ല വാര്‍ത്തയാണെങ്കിലും, ഇന്നിംഗ്സിന്റെ അവസാനത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടു എന്ന് മഞ്‌ജേക്കര്‍ പറയുന്നു.
'രോഹിത് ശര്‍മ്മക്ക് വ്യത്യസ്തമായ ഒരു ശൈലിയുണ്ടായിരുന്നു. റണ്‍സിനായി കൂടുതല്‍ ഓടേണ്ടി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി എത്ര മനോഹരമായിരുന്നെന്ന് ഓര്‍ക്കുന്നു. എന്നാല്‍ കരിയറിന്റെ ഈ ഘട്ടത്തില്‍, ഇത്രയും വലിയ സെഞ്ച്വറി നേടുന്നതിന് അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടുന്നത് കണ്ടു' മഞ്ജരേക്കര്‍ സൂചിപ്പിക്കുന്നു.
'2019 ലെപ്പോലെ ഇത് എല്ലാ ദിവസവും ചെയ്യാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. എനിക്ക് സംശയങ്ങളുണ്ട്. എന്നാല്‍ 2019 ലെയും 2023 ലെയും രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപോലെ മികച്ചതായിരുന്നു' മഞ്‌ജേക്കര്‍ കൂട്ടിച്ചേര്‍ത്തു.