ഫെലിക്‌സ് മാത്രമല്ല, പോർച്ചുഗലിന്റെ വില്ലൻ റൊണാൾഡോ കൂടിയാണ്; തുലച്ചത് സുവർണാവസരം
യൂറോ കപ്പിൽ ഇന്നലെ നടന്ന പോർച്ചുഗലും ഫ്രാൻസും തമ്മിലുള്ള മത്സരം ആരാധകരെ സംബന്ധിച്ച് അത്ര മികച്ച അനുഭവമല്ല നൽകിയത്. രണ്ടു ടീമുകളും വളരെ കരുതലോടെ കളിച്ചപ്പോൾ ആവേശകരമായ നിമിഷങ്ങൾ കുറവായിരുന്നു. എങ്കിലും രണ്ടു ടീമുകൾക്കും നിരവധി സുവർണാവസരങ്ങൾ ലഭിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ നേടാത്തതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരത്തിന്റെ ഫലം നിശ്ചയിക്കപ്പെട്ടത്. ഫ്രാൻസ് താരങ്ങളെല്ലാം പെനാൽറ്റി ഗോളാക്കി മാറ്റിയപ്പോൾ പോർച്ചുഗലിന്റെ പെനാൽറ്റി ജോവോ ഫെലിക്‌സ് തുലച്ചു. എന്നാൽ പോർച്ചുഗലിന്റെ വില്ലൻ ഫെലിക്‌സ് മാത്രമല്ല, റൊണാൾഡോ കൂടിയാണ്.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ അതിന്റെ തുടക്കത്തിൽ തന്നെ റൊണാൾഡോക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. പോർച്ചുഗൽ താരം വിങ്ങിൽ നിന്നും നൽകിയ പന്ത് ലഭിക്കുമ്പോൾ ഫ്രാൻസ് ഗോൾകീപ്പർ പോസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിലേക്ക് പോകുന്നതിനു പകരം ആകാശവാണി ആവുകയാണ് ചെയ്‌തത്.
മത്സരത്തിൽ റൊണാൾഡോയുടെ പ്രകടനം വളരെ മോശമായിരുന്നു. ഈ യൂറോ കപ്പിലുടനീളം മോശം പ്രകടനം നടത്തിയ റൊണാൾഡോ ഒരു ഗോൾ പോലും നേടിയിട്ടില്ല. കരിയറിൽ ആദ്യമായാണ് റൊണാൾഡോ ഒരു പ്രധാന ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാതിരിക്കുന്നത്. പോർച്ചുഗലിന്റെ മൊത്തം പ്രകടനത്തെ താരത്തിന്റെ സാന്നിധ്യം പിന്നോട്ടടിക്കുന്നുണ്ടെന്നത് വ്യക്തമാണ്.