സർവകാലറെക്കോർഡ് സ്വന്തമാക്കാൻ റൊണാൾഡോ ഇന്നിറങ്ങുന്നു, ഇന്ന് യൂറോയിൽ ചരിത്രമെഴുതപ്പെടും
യൂറോ കപ്പിൽ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ചരിത്രം കുറിക്കപ്പെടും. പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും തമ്മിൽ നടക്കാനിരിക്കുന്ന മത്സരത്തിലാണ് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുക. ഇതോടെ ആറു യൂറോ കപ്പുകളിൽ പങ്കെടുത്ത ആദ്യത്തെ ഫുട്ബോൾ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തമാകും.
39 വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ അഞ്ചു യൂറോ കപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. 2004, 2008, 2012, 2016, 2021 (2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ്) എന്നീ യൂറോ കപ്പുകളിലാണ് റൊണാൾഡോ ഇറങ്ങിയത്. ഇതിൽ 2016ൽ നടന്ന യൂറോ കപ്പിൽ ഫ്രാൻസിനെ കീഴടക്കി പോർചുഗലിനൊപ്പം കിരീടം സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.
സ്‌പാനിഷ് ഇതിഹാസമായ ഇകർ കസിയസിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കാൻ ഒരുങ്ങുന്നത്. അഞ്ചു യൂറോ കപ്പുകളിൽ കളിച്ച ആദ്യത്തെ താരമാണ് ഇകർ കാസിയസ്. 2000, 2004, 2008, 2012, 2016 എന്നീ യൂറോ കപ്പുകളിലാണ് കാസിയസ് ഇറങ്ങിയത്. അതിൽ 2008, 2012 യൂറോ കപ്പുകൾ സ്പെയിൻ ടീമിനൊപ്പം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇത്തവണ യൂറോ കപ്പിലേക്ക് ഏറ്റവും മികച്ച സ്ക്വാഡുമായാണ് പോർച്ചുഗൽ എത്തിയിരിക്കുന്നത്. എല്ലാ പൊസിഷനിലും മികച്ച താരങ്ങൾ അവർക്കുള്ളതിനാൽ തന്നെ കിരീടം നേടാനുള്ള സാധ്യതയും കൂടുതലാണ്. പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോ ഗംഭീര ഫോമിലാണ് കളിക്കുന്നതെന്നതും അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.