36ആം വയസ്സിലും റൊണാൾഡോക്ക് ഗോൾഡൻ ബൂട്ട്; ടൂർണമെന്റിന്റെ താരം സർപ്രൈസ്
യൂറോയിൽ കിരീടം നിലനിർത്താൻ ഏറെ പ്രതീക്ഷകളുമായെത്തി പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായെങ്കിലും മറ്റൊരു വ്യക്തിഗത നേട്ടം കൂടി സ്വന്തമാക്കി സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ. ആകെ നാല് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും അഞ്ചുതവണ വലകുലുക്കി റൊണാൾഡോ യൂറോയിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കും അഞ്ചു ഗോളുകളുമായി റൊണാൾഡോയ്ക്ക് ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു അസിസ്റ് കൂടുതലായുള്ള റൊണാൾഡോ ഗോൾഡൻ ബൂട്ടിന് അർഹനാവുകയായിരുന്നു. ഹംഗറിക്ക് എതിരെയും ഫ്രാൻസിന് എതിരെയും ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ ജർമ്മനിക്കെതിരായ മത്സരത്തിലും വലകുലുക്കിയിരുന്നു. ബെൻസീമ, ലുകാകു, ഹാരി കെയ്ൻ എന്നിവർ നാലു ഗോളുകൾ വീതം നേടി ലിസ്റ്റിൽ റൊണാൾഡോക്കും ഷിക്കിനും താഴെയായി സ്ഥാനം പിടിച്ചു.
സെമി ഫൈനലിനും, ഫൈനലിലും പെനാൽറ്റി ഷൂട്ടൗട്ടിൽ മികവ് തെളിയിച്ചു ഇറ്റലിയെ യൂറോ ചാമ്പ്യന്മാരാക്കിയ ഗോൾ കീപ്പർ ഡോണാരുമ്മയാണ് ടൂർണമെന്റിന്റെ താരം. ടൂർണമെന്റിൽ ഒൻപത് സേവുകളുമായി മികച്ചു നിന്ന ഇറ്റാലിയൻ കീപ്പർ മൂന്ന് ക്ളീൻ ഷീറ്റുകളും നേടി. സ്‌പെയിനിന്റെ പെഡ്രിയാണ് മികച്ച യുവതാരം.
തന്റെ 36ആം വയസ്സിലും ഗോളടിമികവ് അനുസ്യൂതം തുടരുന്ന റൊണാൾഡോ തന്നെയാണ് ഈ സീസണിൽ സീരി എയിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.