ഹീറോയായി ജോസേട്ടന്‍, ആര്‍സിബിയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. തുടര്‍ച്ചയായ രണ്ട് കളികള്‍ വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര്‍.സി.ബിയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ട് ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
ആര്‍.സി.ബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം, ജോസ് ബട്ട്ലറുടെയും സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.
39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്ലര്‍ ഗുജറാത്തിന്റെ വിജയശില്‍പ്പിയായി. ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സ് നേടി ബട്ട്ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 14 റണ്‍സ് നേടി പുറത്തായി. ആര്‍.സി.ബിക്കായി ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം നേടി. കളിയില്‍ ആര്‍.സി.ബി 20 ഓവറില്‍ 169-8 ഉം ഗുജറാത്ത് ടൈറ്റന്‍സ് 17.5 ഓവറില്‍ 170-2 ഉം റണ്‍സ് നേടി.
170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ആദ്യ മൂന്ന് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നെങ്കിലും, പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ ഗുജറാത്ത് ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സിലെത്തിയിരുന്നു. അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഗില്ലിനെ പുറത്താക്കി ഗുജറാത്തിനെ ഞെട്ടിച്ചെങ്കിലും, മൂന്നാമനായി ഇറങ്ങിയ ജോസ് ബട്ട്ലര്‍ ആദ്യം സായ് സുദര്‍ശന് പിന്തുണ നല്‍കി തുടങ്ങി. പിന്നീട് പന്ത്രണ്ടാം ഓവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ സുദര്‍ശനെ ഹേസല്‍വുഡ് പുറത്താക്കി. തുടര്‍ന്ന് കളി ഏറ്റെടുത്ത ബട്ട്ലര്‍ 30 പന്തില്‍ അര്‍ധസെഞ്ചുറി നേടി. പിന്നീട് ഹേസല്‍വുഡിനെ തുടര്‍ച്ചയായി സിക്‌സറുകള്‍ പായിച്ച് ഗുജറാത്തിനെ വിജയത്തിലേക്ക് അടുപ്പിച്ചു. ഒടുവില്‍ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലിയാം ലിവിംഗ്സ്റ്റണിന്റെയും ജിതേഷ് ശര്‍മ്മയുടെയും ടിം ഡേവിഡിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനായി. 40 പന്തില്‍ 54 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണ്‍ ആയിരുന്നു ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ്മ 33 റണ്‍സും, ടിം ഡേവിഡ് 18 പന്തില്‍ 32 റണ്‍സും നേടി. വിരാട് കോഹ്ലി ഏഴ് റണ്‍സും ഫില്‍ സാള്‍ട്ട് 14 റണ്‍സും നേടി പുറത്തായി. ഗുജറാത്തിനായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും സായ് കിഷോര്‍ രണ്ട് വിക്കറ്റും നേടി.