മുങ്ങുന്ന താരങ്ങള്‍ക്ക് മുട്ടന്‍ പണി, തകര്‍പ്പന്‍ നീക്കവുമായി ബിസിസിഐ
ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം കാരണമില്ലാതെ പിന്മാറുന്ന വിദേശ താരങ്ങള്‍ക്ക് ഇനി കടുത്ത ശിക്ഷ നേരിടേണ്ടി വരും. ബിസിസിഐ പുതിയതായി പുറത്തിറക്കിയ ലേല നിബന്ധനകള്‍ പ്രകാരം ഇത്തരം താരങ്ങളെ അടുത്ത രണ്ട് സീസണുകളിലെ ലേലത്തില്‍ നിന്ന് വിലക്കും.
ലേലത്തില്‍ ടീമില്‍ ഇടം നേടിയ ശേഷം മതിയായ കാരണമില്ലാതെ പിന്മാറുന്ന വിദേശ താരങ്ങള്‍ക്ക് ഇനി രണ്ട് വര്‍ഷത്തേക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഈ താരങ്ങള്‍ക്ക് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാനും സാധിക്കില്ല. ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ ടീം ഉടമകള്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ ഇപ്പോള്‍ ഈ ആവശ്യം അംഗീകരിച്ചിരിക്കുകയാണ്.
ലേലത്തില്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം പിന്മാറുന്ന താരങ്ങള്‍ ടീമുകളുടെ സന്തുലിതാവസ്ഥയെയും കോമ്പിനേഷനെയും തകിടം മറിക്കുന്നുവെന്നും അവസാന നിമിഷം പകരം കളിക്കാരെ കണ്ടെത്തേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ റോയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലേലത്തില്‍ ടീമുകളില്‍ എത്തിയ ശേഷം പിന്മാറിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മറ്റു ചിലര്‍ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിന്മാറിയതെന്ന് ടീം ഉടമകള്‍ ആരോപിച്ചിരുന്നു.
ഇതിന് പുറമെ, ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശ താരങ്ങള്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ അടുത്ത സീസണിലെ ലേലത്തില്‍ നിന്ന് വിലക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. മെഗാ ലേലത്തിന് മുന്നോടിയായി ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലനിര്‍ത്താനും ഒരു താരത്തെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കാനും കഴിയുമെന്ന നിര്‍ണായക പ്രഖ്യാപനവും ബിസിസിഐ ഇന്നലെ നടത്തിയിരുന്നു.