കരുണിനായി സാക്ഷാല്‍ സച്ചിന്‍ തന്നെ രംഗത്ത്, അഗാര്‍ക്കര്‍ക്ക് വലിയ സിഗ്നല്‍
ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കരുണ്‍ നായരെ അഭിനന്ദനം കൊണ്ട് മൂടി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയാണ് സച്ചിന്‍ കരുണ്‍ നായരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
'ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികള്‍ അടക്കം 752 റണ്‍സ് നേടുക എന്നത് അസാധാരണമാണ്. ഇത്തരം പ്രകടനങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. അത് കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ്. കരുത്തനായി മുന്നോട്ട് പോകൂ,' സച്ചിന്‍ കുറിച്ചു.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള കരുണ്‍ നായര്‍ക്ക് സച്ചിന്റെ ഈ അഭിനന്ദനം ആവേശം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മഹാരാഷ്ട്രയ്ക്കെതിരെ വിദര്‍ഭയ്ക്ക് വേണ്ടി കരുണ്‍ നായര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നു. 44 പന്തില്‍ നിന്ന് 88 റണ്‍സാണ് നായര്‍ നേടിയത്.
മത്സരത്തില്‍ വിദര്‍ഭയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത നായര്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. അവസാന ഏഴ് ഓവറുകളില്‍ നിന്ന് 108 റണ്‍സാണ് നായരുടെ ബാറ്റില്‍ നിന്ന് പിറന്നത്. രാജ്നീഷ് ഗുര്‍ബാനി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്‌സറുകളും മൂന്ന് ഫോറുകളും നായര്‍ അടിച്ചെടുത്തു.
ടൂര്‍ണമെന്റില്‍ ഇതുവരെ 752 റണ്‍സ് നേടിയിട്ടുള്ള നായര്‍ ഒരിക്കല്‍ മാത്രമാണ് പുറത്തായത്. മികച്ച ഫോമിലുള്ള നായര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് അര്‍ഹനാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
2016-ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച നായര്‍ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, ആറ് ടെസ്റ്റുകള്‍ക്ക് ശേഷം നായരെ ടീമില്‍ നിന്ന് ഒഴിവാക്കി. നായരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.