ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഞെട്ടിക്കുന്ന പ്രവചനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ട് മുമ്പ് വമ്പന്‍ പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
ഇന്ത്യ പരമ്പര 3-1ന് വിജയിക്കുമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവചിച്ചിരിക്കുന്നത്.
നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീം രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ പ്രമുഖരില്ലാതെയാണ് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ സച്ചിന്റെ പ്രവചനം പലരെയും അതിശയിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ 18 വര്‍ഷത്തെ കാത്തിരിപ്പ്, പുതിയ വെല്ലുവിളികള്‍
കഴിഞ്ഞ 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അഭാവം ടീമിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുവ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചുമലിലാണ് ടീമിന്റെ വിജയഭാരം. പരമ്പരയില്‍ ഇന്ത്യ അണ്ടര്‍ഡോഗുകളായാണ് കണക്കാക്കപ്പെടുന്നതെങ്കിലും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധ്യതയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു.
റിഷഭ് പന്തിന്റെ പ്രാധാന്യം
ഇംഗ്ലണ്ടില്‍ പരമ്പര നേടണമെങ്കില്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. ഇംഗ്ലണ്ടില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 32.70 ശരാശരിയില്‍ 556 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. ഇതില്‍ 2022-ല്‍ ബര്‍മിംഗ്ഹാമില്‍ നേടിയ 146 റണ്‍സും ഉള്‍പ്പെടുന്നു. പന്തിന്റെ പ്രകടനത്തില്‍ സച്ചിന്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു. ഇംഗ്ലണ്ടില്‍ പലപ്പോഴും പന്ത് തന്റെ സഹജമായ ശൈലിയില്‍ കളിക്കാറുണ്ടെന്നും എന്നാല്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്കായി ചില സമയങ്ങളില്‍ ഈ ശൈലി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
'അവന്‍ (പന്ത്) മിക്കവാറും സമയങ്ങളില്‍ തന്റെ സഹജമായ ശൈലിയില്‍ കളിക്കണം,' സച്ചിന്‍ പറഞ്ഞു. 'എന്നാല്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അവന്‍ തന്റെ കളി നിയന്ത്രിക്കേണ്ട സാഹചര്യങ്ങളുണ്ടാകും. അവന്‍ ചെയ്യുന്നതെല്ലാം ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് എനിക്കറിയാം, പക്ഷേ സമീപനം വ്യത്യസ്തമാകേണ്ടി വരും. അവന് ആ മാനസിക വഴക്കം ആവശ്യമാണ്.'
ഒരു കളി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധാത്മകമായ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും, അത്തരം സാഹചര്യങ്ങളില്‍ റിസ്‌കുള്ള ഷോട്ടുകള്‍ ഒഴിവാക്കി ശ്രദ്ധയോടെ കളിക്കണമെന്നും സച്ചിന്‍ ഉപദേശിച്ചു.
ക്യാപ്റ്റന്‍ സച്ചിനും പന്തിന്റെ സ്വാഭാവിക ശൈലിയും
സച്ചിന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന്, പന്തിനോട് അവന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ പറയുകയും സാഹചര്യം മനസിലാക്കി കളിക്കാനാണ് നിര്‍ദ്ദേശിക്കുകയെന്നും സച്ചിന്‍ മറുപടി നല്‍കി.
'മറ്റെല്ലാ സാഹചര്യങ്ങളിലും, ഞാന്‍ ക്യാപ്റ്റനാണെങ്കില്‍ പറയും, 'പുറത്തിറങ്ങി നിന്റെ കളി കളിക്കൂ, ഒന്നിനെയും കുറിച്ച് വിഷമിക്കേണ്ട'. ഒരു കളി രക്ഷിക്കാന്‍ നോക്കുമ്പോള്‍ മാത്രമാണ് സമീപനം മാറുന്നത്, അല്ലാതെ നീ നിന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കുകയും ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്താണോ അത് ചെയ്യുകയും ചെയ്യുക,' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.