ഒരിക്കലും പൂജ്യത്തിന് പുറത്തായിട്ടില്ല, വേഗത്തില്‍ 2000 റണ്‍സ്, സ്ഥിരതയുടെ തമ്പുരാനായി സായ്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം സായി സുദര്‍ശന്‍ ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചു. ഈ നേട്ടത്തോടെ, ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സായ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ആണ് സായി സുദര്‍ശന്‍ തകര്‍ത്തിരിക്കുന്നത്. 54 ഇന്നിംഗ്സുകളില്‍ നിന്നാണ് സുദര്‍ശന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. കൂടാതെ ഇതുവരെ ടി20യില്‍ സായ് പൂജ്യനായി പുറത്തായിട്ടും ഇല്ല.
സായി എന്ന വിപ്ലവം
ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കാന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 59 ഇന്നിംഗ്സുകള്‍ വേണ്ടിവന്നിരുന്നു. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള 23 വയസ്സുകാരനായ സായി സുദര്‍ശന്‍ സച്ചിനെക്കാള്‍ അഞ്ച് ഇന്നിംഗ്സുകള്‍ കുറച്ചെടുത്താണ് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.
ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷാണ് 53 ഇന്നിംഗ്സുകളില്‍ നിന്ന് 2000 ടി20 റണ്‍സ് നേടിയ ലോക റെക്കോര്‍ഡിന് ഉടമ. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സായി സുദര്‍ശന്‍ ഇപ്പോള്‍. ബ്രാഡ് ഹോഡ്ജ്, മാര്‍ക്കസ് ട്രെസ്‌കോത്തിക്ക്, മുഹമ്മദ് വസീം എന്നിവര്‍ 58 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചവരാണ്.
സ്ഥിരതയുടെ തമ്പുരാന്‍
സായി സുദര്‍ശന്റെ ഈ നേട്ടം അദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനുള്ള അംഗീകാരമാണ്. ഐപിഎല്ലിലെ ഈ സവീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ച സുദര്‍ശന്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ സീസണില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് സായി. ഈ ഐപിഎല്‍ സീസണില്‍ അദ്ദേഹം 5 അര്‍ധസെഞ്ച്വറികളും 1 സെഞ്ച്വറിയും ഉള്‍പ്പെടെ 12 മത്സരങ്ങളില്‍ നിന്ന് 617 റണ്‍സും നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം
സായി സുദര്‍ശന്റെ ഈ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറ സൂപ്പര്‍താരങ്ങളില്‍ ഒരാളായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സ്ഥിരതയും ആക്രമോത്സുകതയും ടി20 ഫോര്‍മാറ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. അണ്ടര്‍-19, ആഭ്യന്തര ക്രിക്കറ്റുകളിലെ മികച്ച പ്രകടനങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം ഐപിഎല്ലില്‍ ശ്രദ്ധേയനാകുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘവും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.