സാംസണും തിലക് വർമ്മയും കത്തിയാളി; ഇന്ത്യക്ക് ഹിമാലയൻ ടോട്ടൽ : ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ടി20
ജോഹന്നാസ്ബർഗിൽ നടന്ന നാലാം ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് ഹിമാലയം ടോട്ടൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി. സഞ്ജു സാംസണും തിലക് വർമ്മയും ചേർന്ന് നേടിയ ഭീമൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരു താരങ്ങളും സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.
സാംസൺ 56 പന്തിൽ നിന്ന് 109 റൺസും തിലക് വർമ്മ 47 പന്തിൽ നിന്ന് 120 റൺസും നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 210 റൺസിന്റെ ഭീമൻ കൂട്ടുകെട്ട് ഉണ്ടാക്കി. 18 പന്തിൽ നിന്ന് 36 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സാംസണും അഭിഷേകും ചേർന്ന് ആദ്യ വിക്കറ്റിൽ 73 റൺസ് നേടി. സാംസൺ തന്റെ ഇന്നിംഗ്‌സിൽ 10 ബൗണ്ടറികളും 6 സിക്സറുകളും നേടിയപ്പോൾ തിലക് വർമ്മ 9 ബൗണ്ടറികളും 10 സിക്സറുകളും നേടി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുതോ സിപാംലയാണ് ഏക വിക്കറ്റ് നേടിയത്. ഇന്ത്യയുടെ ഈ മികച്ച സ്കോർ പിന്തുടരുക എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഹിമാലയൻ വെല്ലുവിളിയായിരിക്കും.