സഞ്ജുവിനെ റെഡ് ബോളിൽ കളിപ്പിക്കൂ.. അടുത്ത സേവാഗിനെ നിങ്ങൾക്ക് കാണാം
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ അന്താരാഷ്ട്ര തലത്തിൽ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം ടീമിൽ നിന്ന് ഇടക്കിടെ പുറത്തായി കൊണ്ടിരുന്ന സഞ്ജു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ നേടിയ മികച്ച സെഞ്ച്വറിയിലൂടെ ഇന്ത്യൻ ടി20 ടീമിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. നേരത്തെ ബംഗ്ലാദേശത്തിനെതിരായ മത്സരത്തിലും സെഞ്ച്വറി നേടിയ സഞ്ജു തുടർച്ചയായി രണ്ട് ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി.
എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നം, സഞ്ജുവും ഇതിൽ നിന്ന് വ്യത്യസ്തനല്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ടെസ്റ്റിൽ കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും, രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ഇരുവരുടെയും പകരക്കാരെ നോക്കുമ്പോൾ സഞ്ജുവിന്റെ പേരും പരിഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാണ്.
ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിംഗ് കോച്ചും സഞ്ജുവിന്റെ ബാല്യകാല പരിശീലകനുമായ ബിജു ജോർജ്, സഞ്ജുവിന് ടെസ്റ്റ് തലത്തിലും മികവ് പുലർത്താൻ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. സഞ്ജു കേരളത്തിനുവേണ്ടി ടെസ്റ്റിൽ ഓപ്പൺ ചെയ്യണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. റെഡ്ബോൾ ക്രിക്കറ്റിൽ അദ്ദേഹം തന്റെ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞാൽ, അദ്ദേഹത്തെ തടയാൻ പ്രയാസമായിരിക്കുമെന്ന് ബിജു പറയുന്നു. സഞ്ജുവിനെ വീരേന്ദർ സെവാഗുമായി താരതമ്യം ചെയ്ത ബിജു ജോർജ്, അദ്ദേഹത്തെ പോലുള്ള കളിക്കാർ എല്ലാ ദിവസവും വലിയ റൺസ് നേടിയെന്ന് വരില്ല, പക്ഷേ അവർ ഒറ്റക്ക് മത്സരം വിജയിപ്പിക്കാൻ കഴിയുന്ന താരങ്ങളാണെന്ന് പറയുന്നു.
"സഞ്ജു റെഡ് ബോൾ ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി ഓപ്പൺ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. റെഡ്ബോൾ ക്രിക്കറ്റിൽ അദ്ദേഹം തന്റെ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞാൽ, അദ്ദേഹത്തെ ആർക്കും തടയാൻ കഴിയില്ല," റെഡിഫ്.കോമിന്റെ ഹരിഷ് കോട്ടിയനോട് ബിജു ജോർജ് പറയുന്നു.
"ഇത് സഞ്ജുവിന്റെ രണ്ടാം വരവാണ്. ഒമ്പത് വർഷം മുമ്പ് അദ്ദേഹം അരങ്ങേറ്റം കുറിച്ചെങ്കിലും ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ശരിയായ പിന്തുണയും വ്യക്തമായ റോളും ലഭിക്കുമ്പോൾ ലോകോത്തര ബാറ്ററായി തന്റെ യഥാർത്ഥ കഴിവ് അദ്ദേഹം പ്രകടിപ്പിക്കുന്നു. എനിക്ക് അതിയായ സന്തോഷമുണ്ട്.”
“വീരേന്ദർ സെവാഗിനെപ്പോലെ അദ്ദേഹം ഒരു ഇംപാക്ട് പ്ലെയറാണെന്ന് ആളുകൾ മനസ്സിലാക്കണം. ഈ കളിക്കാർ എല്ലാ തവണയും ബാറ്റ് ചെയ്യുമ്പോഴും 70-80 റൺസ് നേടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. പക്ഷേ അവർ സ്കോർ ചെയ്യുമ്പോഴെല്ലാം ടീമിനായി മത്സരങ്ങൾ വിജയിപ്പിക്കാൻ അവർക്കാവും"
-ജോർജ് പറയുന്നു.