മുസ്തഫിസുറിന്റെ അസാധ്യ പന്തില്‍ സഞ്ജുവിന്റെ സിക്‌സ്, ഞെട്ടിപ്പോയി രവി ശാസ്ത്രി
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത ഒരു അസാധാരണ സിക്‌സര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്ത് ബാക്ക് ഫൂട്ടില്‍ നിന്ന് കവര്‍ ഏരിയയ്ക്കു മുകളിലൂടെ സിക്‌സറിലേക്ക് പറത്തിയ സഞ്ജുവിന്റെ ഷോട്ട് കണ്ട് കമന്റേറ്റര്‍മാര്‍ വരെ ഞെട്ടിപ്പോയി.
മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി സഞ്ജുവിന്റെ ഷോട്ടിനെ 'സ്ഫോടനാത്മകം' എന്നാണ് വിശേഷിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരമായിരുന്ന മുസ്തഫിസുറിന്റെ എട്ടാം ഓവറിലായിരുന്നു ഈ സിക്‌സര്‍ പിറന്നത്. . ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലയും സഞ്ജുവിന്റെ സിക്‌സിനെ പുകഴ്ത്തി രംഗത്തെത്തി.
'സഞ്ജു മുസ്തഫിസുറിനെ അടിച്ച സിക്‌സ് നിങ്ങള്‍ കണ്ടിരുന്നോ? അത് ചെയ്യാന്‍ അസാമാന്യമായ കഴിവ് വേണം,' ഭോഗ്ലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇതുകൂടാതെ, ബംഗ്ലാദേശ് സ്പിന്നര്‍ റിഷാദ് ഹുസൈന്റെ പത്താം ഓവറിലെ അഞ്ച് പന്തുകള്‍ സഞ്ജു തുടര്‍ച്ചയായി സിക്‌സറിലേക്ക് പറത്തിയതും ശ്രദ്ധേയമായി. ഈ ഓവറില്‍ മാത്രം 30 റണ്‍സ് അടിച്ചെടുത്ത സഞ്ജു ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്തി. ഒരോവറില്‍ 36 റണ്‍സടിച്ച യുവരാജ് സിങ്ങും രോഹിത് ശര്‍മയുമാണ് ഈ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ബംഗ്ലാദേശിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തില്‍ 111 റണ്‍സെടുത്തു പുറത്തായി. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.