നിർത്തിയിട്ടത്ത് നിന്നും വീണ്ടും തുടങ്ങി ക്യാപ്റ്റൻ സഞ്ജു; വെടിക്കെട്ട് ബാറ്റിങ്ങിൽ കേരളത്തിന് മിന്നും ജയം
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ കേരളത്തിന് മിന്നുന്ന വിജയം. സഞ്ജു സാംസൺ 75(45), രോഹൻ കുന്നുമ്മൽ 27(19) എന്നിവരുടെ ബാറ്റിംഗ് മികവിൽ സർവീസസ് കുറിച്ച 150 റൺസ് വിജയലക്ഷ്യം കേരളം 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
45 പന്തുകൾ നേരിട്ട് 166 സ്‌ട്രൈക്കറേറ്റിൽ, 10 ഫോറുകളും 3 കൂറ്റൻ സിക്സറുകളും അടക്കമാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ആദ്യ വിക്കറ്റിൽ സഞ്ജുവും രോഹനും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ സർവീസസിന്റെ വിധി നിർണയിക്കപ്പെട്ടു. എന്നാൽ ടീം സ്‌കോർ 123ൽ നിൽക്കെ സഞ്ജു പുറത്തായതോടെ കേരള ബാറ്റർമാർ തുടർച്ചയായി കൂടാരം കയറിയത് ഒരുഘട്ടത്തിൽ ആശങ്കയുയർത്തി. കേരളത്തിനായി വിഷ്ണു വിനോദ് (4), മുഹമ്മദ് അസ്ഹറുദ്ദീൻ (11), സച്ചിൻ ബേബി (6), അബ്ദുൽ ബാസിത്ത് (1), അഖിൽ സ്കറിയ (1) എന്നിവർ ബാറ്റ് ചെയ്ത് പുറത്തായപ്പോൾ, സൽമാൻ നിസാർ (21) പുറത്താവാതെ കേരളത്തെ വിജയതീരമണിയിച്ചു.
നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സർവീസസിന് കേരള ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അഖിൽ സ്കറിയയും നിധീഷ് എംഡിയും ചേർന്ന് സർവീസസ് ബാറ്റിംഗ് നിരയെ തകർത്തു.
അഖിൽ 5 വിക്കറ്റും നിധീഷ് 2 വിക്കറ്റും വീഴ്ത്തി. 29 പന്തിൽ നിന്ന് 41 റൺസ് നേടിയ മോഹിത് അഹ്ലാവത്താണ് സർവീസസിന്റെ ടോപ് സ്കോറർ. കേരളത്തിനായി അഖിൽ സ്കറിയ പത്തൊൻപതാം ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ അഞ്ചുവിക്കറ്റ് പ്രകടനവുമായി താരം ശ്രദ്ധേയനായി. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 9 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 149 റൺസ് നേടാനേ സർവീസസിനായുള്ളൂ.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അവസാനമായി നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സഞ്ജു സെഞ്ചുറി നേടിയിരുന്നു.
കേരള ടീം:
സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അബ്ദുൾ ബാസിത്, അഖിൽ സ്കറിയ, സിജോമോൻ ജോസഫ്, വിനോദ് കുമാർ, നിധീഷ് എം ഡി.
കേരളത്തിന്റെ മുഴുവൻ സ്ക്വാഡ്:
സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, എസ് മിഥുൻ, വൈശാഖ് ചന്ദ്രൻ, സി വി വിനോദ് കുമാർ, എൻ പി ബേസിൽ, ഷറഫുദീൻ, നിതീഷ് എം ഡി.