സഞ്ജു ഓപ്പണിംഗ് തുടരുമോ? 'തലവേദന'യെന്ന് ക്യാപ്റ്റൻ സൂര്യകുമാർ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം നടന്ന അവാർഡ് ദാന ചടങ്ങിൽ മലയാളി ആരാധകരുടെ ഏറ്റവും വലിയ ആശങ്കയിൽ മനസുതുറന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. വരും മത്സരങ്ങളിൽ സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തെക്കുറിച്ച് സംസാരിക്കവെ, ഒരേ സ്ഥാനത്തിനായി മത്സരിക്കുന്ന നിരവധി താരങ്ങൾ ഉള്ളതിന്റെ സന്തോഷകരമായ 'തലവേദന' ഇന്ത്യയ്ക്കുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.
നാലാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് യാദവ് മനസ് തുറന്നത്. ഇപ്പോൾ വിജയത്തെക്കുറിച്ച് മാത്രമാണ് തന്റെ മനസ് നിറയെ എന്നും, ഭാവിയിലെ ഇന്ത്യൻ ടീമിന്റെ കോമ്പിനേഷനുകളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും പറഞ്ഞാണ് സൂര്യ തുടങ്ങിയത്.
എന്നാൽ, സഞ്ജു സാംസണിന്റെ ഇന്ത്യൻ ടി20 ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യകുമാർ ഇന്ത്യൻ ടീമിന്റെ സാധ്യമായ കോമ്പിനേഷനുകളെക്കുറിച്ച് സംസാരിച്ചു. ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജുവിന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചത്. എന്നാൽ, അവസരം രണ്ട് കയ്യും നീട്ടി സ്വീകരിച്ച സഞ്ജു കഴിഞ്ഞ 5 ടി20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ നേടി സ്വപ്നസമാനമായ ഫോമിലാണ്.
സഞ്ജുവിന്റെ മികച്ച ഫോമിന്റെ പശ്ചാത്തലത്തിൽ, ഗിൽ, ജയ്‌സ്വാൾ എന്നിവർ തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ കോമ്പിനേഷൻ എന്തായിരിക്കുമെന്ന ചോദ്യം സജീവമാണ്. ഈ വിഷയം അഭിസംബോധന ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ, 2026-ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾക്ക് മുമ്പ് കോമ്പിനേഷനുകളെക്കുറിച്ച് ചിന്തിക്കാൻ ധാരാളം സമയമുണ്ടെന്ന് പറഞ്ഞു.
ടി20 ഫോർമാറ്റിൽ സാംസൺ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് തുടരുമോ എന്ന ചോദ്യത്തിന്, അത് തിരഞ്ഞെടുപ്പ് കമ്മിറ്റിയും ബിസിസിഐയും തീരുമാനിക്കേണ്ട കാര്യമാണെന്നും യാദവ് പറയുന്നു.
"ഞാൻ അത്രയും ദൂരത്തേക്ക് ചിന്തിച്ചിട്ടില്ല. ഞാൻ വർത്തമാനകാലത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു, ഇപ്പോൾ പരമ്പര വിജയം ആസ്വദിക്കുന്നു. ഞങ്ങൾ പരിശീലകരോടൊപ്പം ഇരുന്ന് ചർച്ച ചെയ്യുമ്പോൾ, അത് ബുദ്ധിമുട്ടായിരിക്കും (ആരെ ഒഴിവാക്കും എന്നത്), പക്ഷേ അത് നല്ലൊരു തലവേദനയാണ്. നിങ്ങൾക്ക് 20-25 മികച്ച കളിക്കാരും, അവരിൽ നിന്ന് 10-15 കളിക്കാരുടെ ഒരു ടീമും ഉണ്ടാക്കേണ്ടതുണ്ടെങ്കിൽ, അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എനിക്കും, ബിസിസിഐക്കും, സെലക്ടർമാർക്കും ആ തലവേദനയ്ക്കുണ്ട് എന്നത് മറ്റൊരു തരത്തിൽ ഭാഗ്യമാണ്" സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ട്രോഫിയുടെ ഭാഗമായി ഇംഗ്ലണ്ടിനെതിരെ 2025-ലാണ് ഇന്ത്യ അടുത്ത ടി20 മത്സരം കളിക്കുന്നത്.