സഞ്ജു യുവരാജിന്റെ പിന്‍ഗാമി, കരുത്ത് കാരിരുമ്പിന്റേത്, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ കോച്ച്
ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ സഞ്ജു സാംസണിന് നിരവധി തവണ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ 2024 ലോകകപ്പ് വിജയത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പര മുതലാണ് ഈ 30-കാരന്റെ കരിയറില്‍ വഴിത്തിരിവുണ്ടായത്. 2024ല്‍ 180.17 സ്ട്രൈക്ക് റേറ്റിലും 43.60 ശരാശരിയിലും ബാറ്റ് ചെയ്ത സഞ്ജു മൂന്ന് സെഞ്ച്വറികളും നേടി. ഇന്ത്യയ്ക്കായി 2024ല്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തതും സഞ്ജുവാണ്.
ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗാര്‍. സഞ്ജുവിന്റെ കരുത്തിനെ യുവരാജുമായാണ് ബംഗാര്‍ താരതമ്യം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോട്‌സിനായി സംസാരിക്കുകയായിരുന്നു ബംഗാര്‍.
'അദ്ദേഹത്തിന് ലഭിച്ച വിജയത്തില്‍ സന്തോഷമുണ്ട്. ദീര്‍ഘകാലമായി അദ്ദേഹം ടീമിലുണ്ട്. ശരിയായ അവസരങ്ങള്‍ ലഭിച്ചു എന്നതാണ് പ്രധാനം. തുടര്‍ച്ചയായി മൂന്നോ നാലോ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനും സ്വതന്ത്രമായി കളിക്കും,' ബംഗാര്‍ പറഞ്ഞു.
'ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍, അദ്ദേഹത്തിന് വലിയ സാധ്യതയാണ് ഉളത്. ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് ഉളളിലാണ് കൂടുതലും. അത് സഞ്ജുവിന് വലിയ സാധ്യതയാണ്. സഞ്ജു അനായാസം സിക്സര്‍ അടിക്കുന്നയാളാണ്. യുവരാജ് സിംഗിന് ശേഷം, സ്ഥിരതയോടെ ഇത്രയും എളുപ്പത്തില്‍ സിക്സറുകള്‍ അടിക്കാന്‍ കഴിയുന്ന ഒരു ബാറ്റ്‌സ്മാന്‍ ഉണ്ടെങ്കില്‍, അത് സഞ്ജു സാംസണാണ്. അദ്ദേഹം തിളങ്ങുന്നത് കാണുന്നത് തന്നെ കൗതുകകരമാണ്' ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ചിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച ടീം മാനേജ്‌മെന്റിന് സഞ്ജു നേരത്തെ നന്ദി പറഞ്ഞിരുന്നു.
'ക്യാപ്റ്റനും കോച്ചും എനിക്ക് പിന്തുണ നല്‍കി. അടുത്ത പരമ്പരയിലും അവര്‍ എന്നെ പിന്തുണച്ചു, എന്തുതന്നെയായാലും ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നു. എല്ലാ എതിരാളികളെയും ആധിപത്യം സ്ഥാപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' സാംസണ്‍ പറഞ്ഞു.
പരമ്പരയ്ക്ക് മൂന്ന് ആഴ്ച മുമ്പ് താന്‍ ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നതായും അത് തയ്യാറെടുപ്പുകള്‍ക്ക് സഹായകമായെന്നും സാംസണ്‍ പറഞ്ഞു.
'പരമ്പരയ്ക്ക് മൂന്ന് ആഴ്ച മുമ്പ് ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. അതിനാല്‍ തയ്യാറെടുക്കാന്‍ എനിക്ക് സമയം ലഭിച്ചു. ഞാന്‍ ആര്‍ആര്‍ അക്കാദമിയില്‍ പോയി പുതിയ പന്തിനെതിരെ ധാരാളം പരിശീലിച്ചു. മറ്റ് പരമ്പരകളെ അപേക്ഷിച്ച് ഈ പരമ്പരയില്‍ ഞാന്‍ 10% കൂടുതല്‍ തയ്യാറായിരുന്നു' സാംസണ്‍ വ്യക്തമാക്കി