സുന്ദറിനെ അധികം ആഘോഷിക്കേണ്ട, മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം
പൂനെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് വാഷിംഗ്ടണ്‍ സുന്ദര്‍ കാഴ്ച്ചവെച്ചത്. മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ സുന്ദര്‍ കിവീസിനെ 259 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഈ പ്രകടനത്തോടെ സുന്ദറിനെ ആര്‍. അശ്വിന്റെ പിന്‍ഗാമിയായി കാണാമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ താരതമ്യം അതിശയോക്തിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.
'ഇത്തരം പിച്ചുകളില്‍ വേഗത്തില്‍ പന്തെറിയുന്ന കൃത്യതയുള്ള സ്പിന്നര്‍മാരാണ് ആവശ്യം. കുല്‍ദീപ് യാദവിനെപ്പോലുള്ളവരെ ഇവിടെ ആവശ്യമില്ല. സുന്ദര്‍ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നു. കൃത്യതയോടെ പന്ത് പിച്ച് ചെയ്യാനും അവനറിയാം. ഇത്തരം സ്പിന്നര്‍മാരാണ് ടീമിന് വേണ്ടത്' മഞ്ജരേക്കര്‍ പറഞ്ഞു.
സുന്ദറിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിനെ മഞ്ജരേക്കര്‍ എതിര്‍ത്തു. 'ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ വിദേശ പിച്ചുകളില്‍ അവന്റെ പ്രകടനം ഇനിയും കാണേണ്ടതുണ്ട്. സുന്ദര്‍ നന്നായി പന്തെറിഞ്ഞെങ്കിലും അശ്വിനുമായി താരതമ്യം ചെയ്യാന്‍ ഇത് മാത്രം പോര. അശ്വിന്‍ ഉടന്‍ വിരമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പോള്‍ തന്നെ പകരക്കാരനെ ആലോചിക്കേണ്ടതില്ല,' മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കിവീസിനെ 259 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായി. യശസ്വി ജയ്സ്വാള്‍ (6), ശുഭ്മാന്‍ ഗില്‍ (16) എന്നിവര്‍ ക്രീസിലുണ്ട്.