കരിയറിലെ പീക് ടൈമിലാണ് അയാളോട് ഈ ചതി ചെയ്യുന്നത്, എന്നിട്ടും അയാള്‍ തളരാത്തത് വേറൊരു ജീന്‍ ആയതിനാലാണ്
സംഗീത് ശേഖര്‍
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍കര്‍ പറയുന്നതനുസരിച്ചു നിലവിലുള്ള ഫോമിനെക്കാള്‍ നേരത്തെ തന്നെ അവരുടെ മുന്‍ഗണനാ ലിസ്റ്റിലുള്ള ചില പര്‍ട്ടിക്കുലര്‍ കളിക്കാര്‍ക്ക് ഫോം നോക്കാതെ തന്നെ ബാക്കപ്പ് നല്‍കുന്നതും മുന്‍കാലപ്രകടനങ്ങളുമാണ് കൂടുതല്‍ പ്രാധാന്യമുള്ള കാര്യമെന്നാണ്.അതിനൊരു ഉദാഹരണമായി കഴിഞ്ഞ ടി ട്വന്റി ലോകകപ്പില്‍ റിങ്കു സിംഗ് ഒഴിവാക്കപ്പെട്ടതിനെ ന്യായീകരിക്കുക കൂടെ ചെയ്യുന്നുണ്ട് അഗാര്‍ക്കര്‍.
ഇടക്കിടെ വീണു കിട്ടുന്ന അവസരങ്ങളില്‍ നടത്തുന്ന തിളക്കമുള്ള പ്രകടനങ്ങള്‍ക്കു പോലും മൂല്യം കല്‍പ്പിക്കാതെ മാറ്റി നിര്‍ത്തപ്പെടുമെന്നിരിക്കെ സഞ്ജുവിനെ പോലുള്ള കളിക്കാര്‍ ഏതു മൈന്‍ഡ് സെറ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമേയില്ല.
സഞ്ജു സാംസണ്‍ നേരിടുന്നത് അനീതിയാണ് എന്നത് പലതവണ വെളിപ്പെട്ട കാര്യമാണ്. എന്നിട്ടും തിരുത്തലുകള്‍ക്ക് പകരം അതൊക്കെ തന്നെ ആവര്‍ത്തിക്കപ്പെടുന്നു. ടി ട്വന്റി ലോകകപ്പ് അടുക്കുമ്പോള്‍ സഞ്ജുവിന് ഏകദിന ടീമില്‍ അവസരം നല്‍കുന്നു, ഏകദിന ലോകകപ്പ് അടുക്കുമ്പോള്‍ ടി ട്വന്റി ടീമില്‍ അവസരം കിട്ടുന്നു.ഇപ്പോഴിതാ 2025 ഫെബ്രുവരി തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റ് . ഈ ടൂര്‍ണമെന്റിനു മുന്നേ ഇന്ത്യ കളിക്കുന്നത് വെറും 6 ഏകദിനങ്ങളാണ്. 3 എണ്ണം ശ്രീലങ്കക്കെതിരെ ഇക്കൊല്ലം, അടുത്ത കൊല്ലം ആദ്യം ഇംഗ്ലണ്ടിനെതിരെ 3 എണ്ണം.
സോ പ്രധാനപ്പെട്ട ഈ ഏകദിന ടൂര്‍ണമെന്റ് വരുമ്പോള്‍ അതിനു മുന്നേ നടക്കുന്ന പരമ്പരകളില്‍ സഞ്ജു സാംസണ്‍ ഏത് ടീമില്‍ തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ ഒരു സംശയവും ആര്‍ക്കും ഇല്ലായിരുന്നു. ടി ട്വന്റി ടീമില്‍ തന്നെ. ആദ്യമാദ്യം ടീമില്‍ എടുക്കാതിരിക്കുക, പിന്നെ ടീമില്‍ എടുക്കാനുള്ള സാധ്യതകള്‍ അടച്ചു കളയുക, അതിനു ശേഷം അനീതിയെന്ന മുറവിളി മുന്‍ ക്രിക്കറ്റര്‍മാര്‍ വരെ ഉയര്‍ത്തി തുടങ്ങിയപ്പോള്‍ ട്രാവല്‍ റിസര്‍വ് ആയി കൊണ്ട് പോവുക കളിപ്പിക്കേണ്ട കാര്യമില്ല , പിന്നെ സ്‌ക്വാഡില്‍ എടുക്കുക പക്ഷെ കളിപ്പിക്കാതിരിക്കുക ഈയൊരു ഓര്‍ഡറില്‍ പോയ സ്ട്രാറ്റജി ഇപ്പോള്‍ വീണ്ടും ടീമില്‍ കളിപ്പിക്കാനുള്ള സാധ്യതകള്‍ അടക്കുക എന്നതിലേക്ക് തിരികെ എത്തുകയാണ്.
കഴിഞ്ഞ ടി ട്വന്റി ലോകകപ്പില്‍ ശിവം ദുബൈയില്‍ മാനേജ്മെന്റ് അര്‍പ്പിച്ച വിശ്വാസത്തിന്റെ നൂറിലൊന്ന് പോലും ഇത്രയും പ്രതിഭയുള്ള സഞ്ജുവിനെ പോലൊരു കളിക്കാരനില്‍ അര്‍പ്പിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.
16 ഏകദിനം കളിക്കാന്‍ രണ്ടര കൊല്ലം, 27 ടി ട്വന്റി കളിക്കാന്‍ 9 കൊല്ലം. രണ്ടു ഫോര്‍മാറ്റുകളിലും ഇത്രയും ഇറെഗുലര്‍ ആയി അവസരം ലഭിക്കുന്ന വേറൊരു കളിക്കാരന്‍ സമീപ കാലത്തുണ്ടെന്നു തോന്നുന്നില്ല. എന്നിട്ടു പോലും ഏകദിനത്തില്‍ 56 ന്റെ ശരാശരിയുമായി, അവസാനം കളിച്ച ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയില്‍ അവര്‍ക്കെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുമായി നില്‍ക്കുന്ന സഞ്ജു സാംസണ്‍ അതേ ഫോര്‍മാറ്റില്‍ വീണ്ടുമൊരു പ്രധാന ടൂര്‍ണമെന്റ് വരുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്ന കാഴ്ച ദുഖകരമാണ്.
സോ, ഒരു കളിക്കാരന്റെ പീക് ടൈമില്‍ അയാളുടെ കരിയറിനോട് ചെയ്യാവുന്നതില്‍ വച്ചേറ്റവും മോശമായ സമീപനം അനുഭവിക്കുമ്പോഴും സഞ്ജു സാംസണ്‍ പൊരുതി നില്‍ക്കുന്നുണ്ടെങ്കില്‍ അതയാളുടെ ഗ്രിറ്റിന്റെ ബലത്തിലാണ്. ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ രണ്ടു ഫോര്‍മാറ്റിലെ ലോകകപ്പുകള്‍ അകന്നു പോവുകയാണ്. അതു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയില്‍ പോലും ഒരവസരം നിഷേധിക്കപ്പെടുന്നത് അനീതിയല്ലെങ്കില്‍ മറ്റെന്താണ്?