ടീമില്‍ നിന്ന് പുറതതാക്കുമോയെന്ന് ഭയപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് സഞ്ജു
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ച്വറി തന്റെ പ്രതിഭയെ ചോദ്യം ചെയ്തവര്‍ക്കുളള മലയാളി താരത്തിന്റെ മറുപടി കൂടിയാണ്. ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ട് പൂജ്യങ്ങളും ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ കാര്യമായി കളിക്കാനാകാത്തതും സഞ്ജുവിന് മേല്‍ വിമര്‍ശനങ്ങളുടെ മഴ പെയ്തിറങ്ങാന്‍ കാരണമായി.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കെല്ലാം മറുപടിയുമായി സഞ്ജു സാംസണ്‍ തിരിച്ചുവന്നു, ഒരു വെടിക്കെട്ട് സെഞ്ച്വറിയിലൂടെ!
47 പന്തില്‍ 111 റണ്‍സ്.11 ബൗണ്ടറികള്‍, 8 സിക്‌സറുകള്‍. ഹൈദരാബാദ് ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യയുടെ 133 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 3-0 എന്ന സ്‌കോറിന് പരമ്പര കൈപ്പിടിയിലൊതുക്കിയ ഇന്ത്യയുടെ വിജയശില്‍പ്പികളില്‍ പ്രധാനിയായി സഞ്ജു മാറി.
'എന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ലക്ഷ്യം,' മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ സഞ്ജു പറഞ്ഞു.
'ശ്രീലങ്കയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍, എന്ത് സംഭവിക്കുമെന്ന് ആശങ്കയോടെയാണ് ഞാന്‍ കേരളത്തിലേക്ക് പോയത്. പക്ഷേ ക്യാപ്റ്റനും കോച്ചും എന്നെ പിന്തുണച്ചു' സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് ഇപ്പോള്‍ തനിക്കറിയാമെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തിനായി കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. എന്നാല്‍ അതിനെ മറികടക്കാനുള്ള മാനസിക ശക്തി ഇപ്പോള്‍ എനിക്കുണ്ട്.'
പത്താം ഓവറില്‍ റിഷാദിനെതിരെ പറത്തിയ അഞ്ച് സിക്‌സറുകള്‍ സഞ്ജുവിന്റെ ദീര്‍ഘനാളത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. 'ഓരോവറില്‍ അഞ്ച് സിക്‌സറുകള്‍ നേടുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് ഇന്ന് സഫലമായി,' സഞ്ജു പറഞ്ഞു.
തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. ഈ സെഞ്ച്വറി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുമെന്നതില്‍ സംശയമില്ല.