സഞ്ജു മറുവശത്തുളളത് ധൈര്യം, ആത്മവിശ്വാസം വാനോളമുയരും, തുറന്ന് പറഞ്ഞ് അഭിഷേക്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പികളായി മാറിയത് ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന് തുടക്കമിട്ടപ്പോള്‍ അഭിഷേകാണ് അത് പൂര്‍ത്തിയാക്കിയത്.
33 പന്തില്‍ നിന്നും 79 റണ്‍സ് നേടിയ അഭിഷേക് 20 പന്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. യുവരാജ് സിംഗിന് ശേഷം ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറിയാണിത്. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമാണ് അഭിഷേകിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടിരുന്നത്.
സഞ്ജുവിനൊപ്പമുള്ള ഓപ്പണിംഗ് അനുഭവത്തെക്കുറിച്ച് അഭിഷേക് മനസ്സ് തുറന്നു. 'സഞ്ജു മറുവശത്ത് ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ക്രീസില്‍ നിലയുറപ്പിക്കാന്‍ എനിക്ക് കഴിയുന്നു. അത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു,' അഭിഷേക് പറഞ്ഞു.
'സഞ്ജു ബാറ്റ് ചെയ്യുന്നത് കാണാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അത് ഏറ്റവും അടുത്ത് നിന്ന് ആസ്വദിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്.'
തന്റെ ഫോമിനെക്കുറിച്ചും അഭിഷേക് സംസാരിച്ചു. 'കുറച്ച് കളികളായി ഫോമില്ലായിരുന്നു. ടീമില്‍ ഇടം നിലനിര്‍ത്താന്‍ നല്ലൊരു പ്രകടനം ആവശ്യമായിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാര്‍ ക്ഷമ പരീക്ഷിക്കുമെന്ന് എനിക്കുറപ്പായിരുന്നു. മറുവശത്ത് സഞ്ജു ഉണ്ടായിരുന്നത് ക്രീസില്‍ നിലയുറപ്പിക്കാന്‍ എന്നെ സഹായിച്ചു. യുവതാരങ്ങള്‍ എന്ന നിലയില്‍ പരിശീലകര്‍ നല്‍കിയ പിന്തുണയും വളരെ വലുതാണ്.'
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 25നാണ്.