എന്റെ രോമത്തെ പോലും ഇത് ബാധിച്ചിട്ടില്ല, ഇന്ത്യന്‍ കോച്ചിനൊപ്പം പാട്ട് പാടി തകര്‍ത്ത് സഞ്ജു
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി 20 മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് പുറത്ത് വരുന്നത് ഐക്യത്തിന്റെ സ്‌നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും കാഴ്ച്ചകള്‍. ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണും അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും ചേര്‍ന്ന് 'പെഹല നഷ' എന്ന ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അക്‌സര്‍ പട്ടേലിന്റെ ജന്മദിന പാര്‍ട്ടിയിലാണ് ടീമിലെ മലയാളി സഖ്യം പാട്ട് പാടി തകര്‍ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് സഞ്ജുവിനെ ഏതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയ്ക്കുന്നത് കൂടിയായി മാറി ഈ വീഡിയോ.
1991-ല്‍ പുറത്തിറങ്ങിയ 'ജോ ജീത്ത വഹി സികന്ദര്‍' എന്ന ചിത്രത്തിലെ ഈ ഐക്കണിക് ഗാനം ആലപിക്കുന്നതിനിടെ ഇരുവരും ആവേശഭരിതരായിരുന്നു. സഞ്ജു തന്റെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് വരികള്‍ നോക്കി പാടുമ്പോള്‍, അഭിഷേക് നായര്‍ മൈക്ക് പിടിച്ച് വരികള്‍ നോക്കാതെ പാടുന്നത് കാണാം.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ലക്ഷകണക്കിന് കാഴ്ചകള്‍ നേടുകയും ചെയ്തു.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ജോസ് ബട്ട്ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാണ് ആദ്യ ട്വന്റി 20 മത്സരം കളിക്കുന്നത്.