ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷന്‍ ഏതാണ്, ഒടുവില്‍ വെളിപ്പെടുത്തി സഞ്ജു
വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് ടി20 ക്രിക്കറ്റില്‍ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനെക്കുറിച്ച് സഞ്ജു സാംസണ്‍ തുറന്ന് പറഞ്ഞത്.
കഴിയുന്നത്ര വേഗത്തില്‍ ബാറ്റിംഗിനിറങ്ങി പരമാവധി ഓവറുകള്‍ ഉപയോഗപ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ മറുപടി നല്‍കിയത്. 'ജിത്‌ന ജല്‍ദി ബാറ്റിംഗ് ആ ജായേ ഉത്‌ന അച്ഛാ ഹേ (എത്രയും പെട്ടെന്ന് ബാറ്റിംഗിനിറങ്ങുന്നോ അത്രയും നല്ലത്)' സാംസണ്‍ പറഞ്ഞു.
പരമാവധി പന്തുകള്‍ നേരിടാന്‍, ഉയര്‍ന്ന ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാണ് സാംസണ്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ സാംസണിന് മികച്ച റെക്കോര്‍ഡാണുള്ളത്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തുകൊണ്ട് സാംസണ്‍ ഒരു മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാര്‍ ലഭ്യമല്ലാത്തതിനാല്‍ ആ പരമ്പരയില്‍ മാത്രമായിരുന്നു സാംസണിന് ഓപ്പണിംഗ് സ്ഥാനം ലഭിച്ചത്.
ബംഗ്ലാദേശിനെതിരായ സെഞ്ച്വറി
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സാംസണിന് വലിയ സ്‌കോര്‍ നേടാനായില്ല. മൂന്നാം ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിലെ സ്ഥാനം നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദത്തിലായിരുന്നു സാംസണ്‍.
ഈ സമ്മര്‍ദ്ദത്തില്‍ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ തന്റെ ആദ്യ ടി20 സെഞ്ച്വറി നേടിയാണ് സാംസണ്‍ വിമര്‍ശകരെ നിശബ്ദരാക്കിയത്. 47 പന്തില്‍ നിന്ന് 11 ഫോറുകളും 8 സിക്‌സറുകളും അടങ്ങുന്ന 111 റണ്‍സാണ് സാംസണ്‍ നേടിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 297-6 എന്ന വലിയ സ്‌കോര്‍ നേടി. മറുപടിയായി ബംഗ്ലാദേശിന് 164-7 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യ 133 റണ്‍സിന് മത്സരം ജയിച്ചു. സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
വര്‍ഷങ്ങളായി സാംസണിന് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ടീമില്‍ സ്ഥിരം സ്ഥാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ടി20 ക്രിക്കറ്റില്‍ മിക്കവാറും എല്ലാ പൊസിഷനുകളിലും അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്.
ടി20 ലോകകപ്പ് 2024
2021ലും 2022ലും നടന്ന ടി20 ലോകകപ്പുകളില്‍ സാംസണിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. എന്നിരുന്നാലും, 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ ഋഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ സാംസണിന് ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടി20യില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍, സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ച് ടീമില്‍ സ്ഥിരം സ്ഥാനം നേടാനാണ് സാംസണ്‍ ശ്രമിക്കുന്നത്.
ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സാംസണ്‍. ടീമിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹം വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് നേടാനും സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനും സാംസണിന് കഴിവുണ്ട്.