ഉടന്‍ വമ്പന്‍ ടീം പ്രഖ്യാപനം, ബുംറ വൈസ് ക്യാപ്റ്റന്‍, സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനം
തുടര്‍ച്ചയായ പരമ്പര തോല്‍വികളോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ ഫൈനലിലേക്കുള്ള യോഗ്യതയും നഷ്ടപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായി സ്വന്തം നാട്ടില്‍ 0-3 തോല്‍വി ഉള്‍പ്പെടെ അവസാന എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ പരാജയപ്പെട്ടു.
ഇനി ഇന്ത്യയുടെ ശ്രദ്ധ ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്കാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി ജനുവരി 22 മുതല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.
അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി ജനുവരി 12 ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 15 അംഗ പ്രൊവിഷണല്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന തീയതിയാണ് ജനുവരി 12. ഫെബ്രുവരി 13 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഐസിസി അനുവദിക്കും.
'എല്ലാ ടീമുകളും ജനുവരി 12 ന് മുമ്പ് പ്രൊവിഷണല്‍ ടീമിനെ സമര്‍പ്പിക്കണം. ഫെബ്രുവരി 13 വരെ മാറ്റങ്ങള്‍ വരുത്താം. ടീം പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് ടീമുകള്‍ക്ക് തീരുമാനിക്കാം. ഫെബ്രുവരി 13 ന് മാത്രമേ ഐസിസി സമര്‍പ്പിച്ച ടീമുകളെ പ്രഖ്യാപിക്കൂ' ഒരു ഐസിസി ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബുംറ വൈസ് ക്യാപ്റ്റന്‍?
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന ജസ്പ്രീത് ബുംറയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടിയായി നിയമിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍മാരായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും മറികടന്നാണ് ബുംറയെ പരിഗണിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ക്ക് ടീം തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും. മലയാളി താരം സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടാകുമോയെന്നതും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.