സഞ്ജു എത്ര വേണമെങ്കിലും പരാജയപ്പെട്ടോട്ടെ, ചേര്‍ത്ത് നിര്‍ത്തണമെന്ന് ഇന്ത്യന്‍ താരം
ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുകയാണല്ലോ. അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന് എന്നാലിപ്പോള്‍ തൊട്ടടുത്ത പരമ്പരയില്‍ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 35 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.
ഈ സാഹചര്യത്തില്‍ സഞ്ജുവിന് തിരിച്ചുവരാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റണ്‍സ് നേടാന്‍ വിഷമിക്കുന്നുണ്ടെങ്കിലും ടീമിനെ മുന്‍ഗണന നല്‍കി കളിക്കുന്ന സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും മഞ്ജരേക്കര്‍ പറയുന്നു.
സഞ്ജു ഒരു മാച്ച് വിന്നറാണെന്നും അതുകൊണ്ട് ഇത്തരം കളിക്കാര്‍ക്ക് പരാജയങ്ങള്‍ സംഭവിച്ചാലും സമയം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു ടി20 ബാറ്റിംഗ് പ്രതിഭയെ വിലയിരുത്തുമ്പോള്‍, അവര്‍ നന്നായി കളിക്കുമ്പോള്‍ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയും, എന്ത് സംഭാവന നല്‍കാന്‍ കഴിയും എന്ന് നിങ്ങള്‍ ശ്രദ്ധിക്കണം. സഞ്ജു സാംസണ്‍ നന്നായി കളിക്കുമ്പോള്‍ ഒരു മികച്ച സെഞ്ച്വറി നേടുകയും നിങ്ങളുടെ ടീമിനെ വിജയ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്,' ഇഎസ്പിഎന്‍ക്രിന്‍ഫോയോട് മഞ്ജരേക്കര്‍ പറഞ്ഞു.
'അതുകൊണ്ട്, അത്തരം ആളുകളെ പരാജയപ്പെടാന്‍ അനുവദിക്കണം. ഒരുപാട് മത്സരങ്ങളില്‍ പരാജയപ്പെട്ടാലും കുഴപ്പമില്ല. അത് ടി20 ക്രിക്കറ്റ് കളിക്കാരന്റെ സ്വഭാവമാണ്. അവിടെ നിങ്ങള്‍ക്ക് സ്വയം കളിക്കാന്‍ കഴിയില്ല, അവര്‍ എടുക്കുന്ന അപകടസാധ്യതകള്‍ തുടര്‍ന്നും എടുക്കേണ്ടിവരും. ഒരു ഇന്നിംഗ്‌സ് അവനെ ഫോമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20 ഓപ്പണിംഗ് ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (177.54) സഞ്ജുവിനാണ്. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഓപ്പണിംഗ് സ്ഥാനത്തേക്ക് വന്ന സഞ്ജു മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 500 ലധികം റണ്‍സ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറിനും സാഖിബ് മഹ്മൂദിനുമെതിരെയാണ് സഞ്ജു കൂടുതല്‍ തവണ പുറത്തായത്. പരമ്പരയിലെ സ്‌കോറുകള്‍ 26, 5, 3, 1 എന്നിങ്ങനെയാണ്.
'സഞ്ജു സാംസന്റെ കാര്യത്തില്‍, അവന്റെ ഫോം തിരിച്ചുവരുമ്പോള്‍ കളി മാറ്റുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതുകൊണ്ട് പരമാവധി ഇന്നിംഗ്സുകള്‍ നല്‍കണം എന്ന് ഞാന്‍ കരുതുന്നു,' മഞ്ജരേക്കര്‍ പറഞ്ഞു.
'ഈ രീതിയില്‍ പരാജയപ്പെടുന്ന മറ്റൊരു കളിക്കാരന്‍ ഫോമിലെത്തുമ്പോള്‍ 40 അല്ലെങ്കില്‍ 50 റണ്‍സ് മാത്രമാണ് നേടുന്നതെങ്കില്‍, അവന് കുറഞ്ഞ അവസരങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ സഞ്ജു സാംസണിന്റെ കാര്യത്തില്‍ എനിക്ക് ഒരുപാട് ക്ഷമയുണ്ട്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ടി20 മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.