സകല റെക്കോര്‍ഡുകളും കടപുഴകി, സഞ്ജുവിന്റെ സെഞ്ച്വറി പ്രകമ്പനം തീര്‍ക്കുന്നു
ഡര്‍ബന്‍: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തി അമ്പരപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയാണ് സഞ്ജു ചരിത്രം കുറിച്ചിരിക്കുന്നത്. വെറും 47 പന്തില്‍ നിന്നാണ് ഈ സെഞ്ച്വറി പിറന്നത്.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മാസം സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സഞ്ജുവിന്റെ ഈ മിന്നും പ്രകടനം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് ഇതോടെ സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരം കൂടിയാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് ഈ നേട്ടം നേടിയ മറ്റ് താരങ്ങള്‍.
27 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികച്ച സഞ്ജു അടുത്ത 20 പന്തുകളില്‍ നിന്ന് 53 റണ്‍സ് കൂടി നേടി സെഞ്ച്വറിയിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവും വേഗത്തില്‍ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്.
ഏഴ് ഫോറും 10 സിക്‌സറുകളും ഉള്‍പ്പെട്ട സഞ്ജുവിന്റെ ഇന്നിംഗ്‌സ് പതിനാറാം ഓവറില്‍ അവസാനിച്ചു. 107 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്.