സിക്‌സടിയിലും ഇനി രോഹിത്ത് അജയ്യനല്ല, അതുല്യ റെക്കോര്‍ഡുമായി സഞ്ജു സാംസണ്‍
ഡര്‍ബനില്‍ വെള്ളിയാഴ്ച നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആറാടിയപ്പോള്‍ കടപുഴകിയത് നിരവധി കടമ്പകള്‍. മത്സരത്തില്‍ പത്തു സിക്‌സറുകള്‍ പറത്തിയ സഞ്ജു ഒരു സുപ്രധാന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് സഞ്ജു ഇതോടെ സമനിലയിലാക്കിയത്. 2017-ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് നേടിയ 118 റണ്‍സില്‍ പത്തു സിക്‌സറുകളാണുണ്ടായിരുന്നത്. ഇതോടെ രോഹിത്തിനൊപ്പം എലൈറ്റ് പട്ടികയില്‍ സഞ്ജുവും ഇടംപിടിച്ചു.
50 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സ് സ്റ്റേഡിയത്തെയും ആരാധരേയും ആവേശത്തിലാഴ്ത്തി. തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഏഴു ഫോറുകളും ഉള്‍പ്പെട്ട ഇന്നിംഗ്സില്‍ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 200-ന് മുകളിലായിരുന്നു. ഇന്ത്യ 202/8 എന്ന മികച്ച സ്‌കോര്‍ നേടാന്‍ ഇത് സഹായിച്ചു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിസ്സഹായരായി. മാര്‍ക്കോ ജാന്‍സണ്‍, ജെറാള്‍ഡ് കോയെറ്റ്സി തുടങ്ങിയവര്‍ക്ക് സഞ്ജുവിന്റെ ആക്രമണോത്സുകതയെ തടയാനായില്ല. .
തുടര്‍ച്ചയായി ടി20 സെഞ്ചുറികള്‍ നേടുന്ന ഗുസ്താവ് മക്കിയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് തുടങ്ങിയ ലോകോത്തര താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജുവിന്റെ ഈ നേട്ടം അദ്ദേഹത്തെ ഉയര്‍ത്തുന്നത്. ടി20യില്‍ മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലും സഞ്ജു ഒന്നാമനായി ഇടം നേടി.