ദുലീപ് ട്രോഫിയ്ക്കിടെ സൂര്യ എന്നോട് അക്കാര്യം പറഞ്ഞിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പ്പിയായ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. മത്സരശേഷം സംസാരിക്കുമ്പോളാണ് സഞ്ജു ഒരു രഹസ്യം വെളിപ്പെടുത്തിയത്. അതിങ്ങനെയാണ്.
'ദുലീപ് ട്രോഫി കളിക്കുമ്പോള്‍ സൂര്യ എന്നോട് സംസാരിച്ചിരുന്നു. അടുത്ത ഏഴ് മത്സരങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ എനിക്ക് ഉറപ്പ് നല്‍കി. എത്ര സ്‌കോര്‍ ചെയ്താലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്' സഞ്ജു പറഞ്ഞു.
'എന്റെ സമീപകാല ഫോമിനെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചാല്‍ വികാരാധീനനാകും. 10 വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ഇത്രയുമൊക്കെ സംഭവിക്കുന്നത്. ഞാനിത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു,' സഞ്ജു കൂട്ടിച്ചേര്‍ത്തു.
'എന്റെ കരിയറില്‍ എനിക്ക് വിജയത്തേക്കാള്‍ കൂടുതല്‍ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തം കഴിവിനെ സംശയിക്കാന്‍ തുടങ്ങും. എന്നാല്‍ അതില്‍ നിന്നെല്ലാം മുന്നേറാന്‍ സാധിച്ചു,' സഞ്ജു വ്യക്തമാക്കി.
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്നും സഞ്ജു ഊന്നിപ്പറഞ്ഞു. 'മൂന്നോ നാലോ പന്തുകള്‍ കളിച്ച ശേഷം അടുത്ത ബൗണ്ടറി നേടാനാണ് ശ്രമിക്കുക. ഞാനും അതിന് ശ്രമിച്ചു. അത് ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. ഇന്നത്തെ ദിവസം എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു.'
പരമ്പരയില്‍ ജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. 'ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടില്‍ നടക്കുന്ന പരമ്പരയാണ്. അവര്‍ മികച്ച ടീമാണ്. അതുകൊണ്ടുതന്നെ പരമ്പര നന്നായി തുടങ്ങണമായിരുന്നു, അതിന് സാധിച്ചതില്‍ സന്തോഷം.'
സൂര്യകുമാര്‍ യാദവിന്റെ പിന്തുണയും ടീമിനോടുള്ള പ്രതിബദ്ധതയുമാണ് സഞ്ജുവിന്റെ വിജയത്തിന് പിന്നിലെന്ന് വ്യക്തം.