'ചേട്ടാ.. ചീറ്റമാരി അറൈവായ്റിക്കാങ്കെ ദക്ഷിണാഫ്രിക്കാലെ' വൈറലായി തമിഴ് കമന്ററി
ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയുടെ ആവേശം അടങ്ങും മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സഞ്ജു സാംസണ്‍ സെഞ്ച്വറി നേടി. 47 പന്തില്‍ സെഞ്ച്വറി തികച്ച സഞ്ജു ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഈ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 61 റണ്‍സിന് തകര്‍ത്തു.
മറ്റു താരങ്ങള്‍ പരാജയപ്പെട്ട പിച്ചില്‍ സഞ്ജു നടത്തിയ അവിശ്വസനീയ പ്രകടനമാണ് എല്ലാവരെയും അമ്പരപ്പിച്ചത്. 10 സിക്‌സറുകളും 7 ഫോറുകളും ഉള്‍പ്പെട്ട ഇന്നിംഗ്സില്‍ സഞ്ജു 50 പന്തില്‍ നിന്ന് 107 റണ്‍സ് നേടി.
സഞ്ജുവിന്റെ സെഞ്ച്വറി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. 'ചേട്ടാ.. ചീറ്റമാരി അറൈവായ്റിക്കാങ്കെ ദക്ഷിണാഫ്രിക്കാലെ' എന്ന തമിഴ് കമന്ററിയാണ് വീഡിയോയെ കൂടുതല്‍ രസകരമാക്കുന്നത്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 27 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജു, വെറും 20 പന്തുകള്‍ കൂടി എടുത്താണ് സെഞ്ച്വറിയിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്.
സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു അധ്യായം കുറിക്കുമെന്നുറപ്പാണ്.